IconsSpecial

സ്വാതന്ത്ര്യ നഭസ്സിലെ ശുക്രനക്ഷത്രം

കോടതി മുറിയിൽ മജിസ്ട്രേറ്റിനു മുന്നിൽ നിൽക്കുമ്പോൾ ചന്ദ്രശേഖർ തിവാരിക്ക് ഒട്ടും പരിഭ്രമമുണ്ടായിരുന്നില്ല . ഗാന്ധിജി മുന്നോട്ട് വച്ച നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്തതിന് അറസ്റ്റ് ചെയ്യപ്പെട്ട് കോടതിയിലെത്തിയതായിരുന്നു ആ പതിനഞ്ചുകാരൻ .

എന്താണ് താങ്കളുടെ പേര് .. അധികാരത്തിന്റെ ഭാഷയിൽ മജിസ്ട്രേട്ട് ചോദിച്ചു .
അല്പ നേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ചന്ദ്രശേഖർ തിവാരി മറുപടി പറഞ്ഞു

” ആസാദ് ”

പിന്നീട് മജിസ്ട്രേട്ടിന്റെ ചോദ്യങ്ങൾക്കെല്ലാം ആസാദ് എന്നു മാത്രമായിരുന്നു ഉത്തരങ്ങൾ . ആസാദ് എന്ന വാക്കിന്റെ അർത്ഥം സ്വാതന്ത്ര്യമാണെന്ന് ഗുമസ്തനോട് ചോദിച്ച് മനസ്സിലാക്കിയ ജഡ്ജി കോപം കൊണ്ട് വിറച്ചു . ഒരു പീക്കിരി ബാലന് ഇത്ര അഹങ്കാരമോ ?

പന്ത്രണ്ട് ചാട്ടവറടിയാണ് ആസാദിന് ശിക്ഷ വിധിച്ചത് . ഓരോ അടി കൊള്ളുമ്പോഴും ചന്ദ്ര ശേഖർ തിവാരി ഉറക്കെ വിളിച്ചു . ഭാരത് മാതാ കീ ജയ് !

സ്വാതന്ത്ര്യ പൂർവ്വ വിപ്ലവ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ വ്യക്തിത്വം അവിടെ ഉദയം ചെയ്യുകയായിരുന്നു . മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ചാട്ടവാറടിയേൽക്കേണ്ടി വന്നത് ചന്ദ്രശേഖർ തിവാരിക്ക് മറക്കാനായില്ല . ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് തലവേദനയായി മാറിയ ഒരു വിപ്ലവകാരി അവിടെ ജന്മമെടുക്കുകയായിരുന്നു

‘ചന്ദ്രശേഖർ ആസാദ് ‘

പണ്ഡിറ്റ് രാമപ്രസാദ് ബിസ്മിലിനും അഷ്ഫഖുള്ള ഖാനുമൊപ്പം കകോരിയിൽ , ഭഗത് സിംഗിനും സുഖ്ദേവിനുമൊപ്പം സാണ്ടേഴ്സ് വധത്തിൽ , പാർലമെന്റ് ഹാളിൽ നടന്ന ബോംബേറിൽ , യശ്പാലിനും ഭഗവതി ചരണുമൊപ്പം വൈസ്രോയിക്കെതിരെ നടന്ന ആക്രമണത്തിൽ , എന്നുവേണ്ട അക്കാലത്ത് ഉത്തരഭാരതത്തെ കിടിലം കൊള്ളിച്ച മിക്ക വിപ്ലവപ്രവർത്തനങ്ങൾക്കും പ്രേരണയായി ആസാദ് പ്രവർത്തിച്ചിരുന്നു .

അസാധാരണമായ സംഘടനാ കുശലത , സാഹസികത , പടക്കളത്തിലെ സേനാനായകന്റെ യുദ്ധ കൗശലം ഇവയെല്ലാം ചന്ദ്രശേഖർ ആസാദിനെ വിപ്ലവകാരികൾക്ക് പ്രിയപ്പെട്ടവനാക്കിയിരുന്നു . മിതവാദികളായ കോൺഗ്രസ് നേതാക്കളും അദ്ദേഹത്തെ വളരെയധികം ആദരിച്ചിരുന്നു .

അദ്ദേഹം ഒരിക്കൽ പറഞ്ഞു

” അറസ്റ്റ് ചെയ്ത് ചങ്ങലക്കിട്ട കുരങ്ങന്മാരെപ്പോലെ തെരുവിലൂടെ വലിച്ചിഴക്കപ്പെടുന്നതിനു ഞാന്‍ ആഗ്രഹിക്കുന്നില്ല. എട്ട് തിരകള്‍ നിറച്ച തോക്കും എട്ട് അധികതിരകളും പോക്കറ്റിലിട്ടു നടക്കും. സമയം വരുമ്പോള്‍‌ ഉണ്ടകള്‍‌ ശത്രുക്കള്‍ക്ക് നേരെയും ഒടുവിലത്തേത് എന്റെ ശിരസ്സിലേക്കും ഞാൻ പ്രയോഗിക്കും ”

ഒരിക്കൽ മാത്രം ബ്രിട്ടീഷുകാരന്റെ ചാട്ടവാർ ഏൽക്കേണ്ടി വന്ന ആ ധീരൻ ജീവിതാവസാനം വരെ അതിന്റെ പ്രതികാരം കാത്തു സൂക്ഷിച്ചു . ആസാദായിത്തന്നെ അദ്ദേഹം മരിക്കുകയും ചെയ്തു. ഭാരതത്തിനു പുറത്തു പോയി വിപ്ലവപ്രവർത്തനം തുടങ്ങാൻ അദ്ദേഹം തീരുമാനിച്ചു . എന്നാൽ വിധി മറ്റൊന്നായിരുന്നു

1931 ഫെബ്രുവരി 27 ന് ആസാദ് , യശ്പാൽ , സുരേന്ദ്ര പാണ്ഡെ എന്നിവർ അലഹബാദിൽ കൂടി . അന്ന് രാവിലെ അലഹബാദിലെ പാർക്കിൽ വച്ച് സുഖ്ദേവ് രാജ് എന്നയാളെ കാണാമെന്ന് ആസാദ് പറഞ്ഞിരുന്നു . മൂന്നു പേരും ഒരുമിച്ച് പാർക്കിലെത്തി . യശ്പാലും പാണ്ഡേയും യാത്രപറഞ്ഞു പിരിഞ്ഞു

ആസാദും സുഖ്ദേവ് രാജും പാർക്കിൽ സംഭാഷണത്തിൽ മുഴുകിയിരിക്കവേ ആസാദ് ആൽഫ്രഡ് പാർക്കിലുണ്ടെന്ന് ഒറ്റുകാർ ബ്രിട്ടീഷുകാരെ അറിയിച്ചു . ഉത്തര ഭാരതത്തിൽ നടന്ന മിക്ക വിപ്ലവപ്രവർത്തനങ്ങളുടെയും തലവനെ പിടികൂടാനുള്ള അവസരം പാഴാക്കരുതെന്ന് ബ്രിട്ടീഷുകാർ ഉറച്ചു. പാർക്കിലേക്കുള്ള എല്ലാ വഴികളുമടച്ച് പോലീസ് ആസാദിനെ വളഞ്ഞു

കീഴടങ്ങാനുള്ള പോലീസ് സൂപ്രണ്ടിന്റെ ആഹ്വാനം കേട്ടപ്പോഴാണ് താൻ അപകടത്തിലായെന്ന് ആസാദിനു മനസ്സിലായത് . സുഖ്ദേവ് രാജിനോട് ഓടിക്കൊള്ളാൻ ആജ്ഞാപിച്ചതിനു ശേഷം ഇരു കൈകളിലും മൗസർ പിസ്റ്റളുമായി ഒരു മരത്തിന്റെ മറവിൽ നിന്ന് ആസാദ് ആക്രമണം ആരംഭിച്ചു. ആദ്യ വെടി തന്നെ പോലീസ് സൂപ്രണ്ടിനേറ്റു .

പോലീസുകാരുടെ പ്രത്യാക്രമണത്തിൽ ആസാദിനു കാര്യമായി മുറിവേറ്റു .ഇൻസ്പെക്ടർ വിശ്വേശ്വർ സിംഗ് ഒരു ചെടിയുടെ മറവിലിരുന്ന് ആസാദിനു നേരേ ഉന്നം പിടിച്ചു .പക്ഷേ കാഞ്ചി വലിക്കുന്നതിനു മുൻപ് ആസാദിന്റെ വെടിയേറ്റ് സിംഗ് വീണു . ഐ ജി ഹോളിൻസ് പറഞ്ഞത് ആസാദിന്റെ അവസാനത്തെ മനോഹരമായ വെടി അതായിരുന്നുവെന്നാണ്

എല്ലാം അവസാനിക്കുമെന്നുറപ്പായപ്പോൾ മുൻപ് പറഞ്ഞതു പോലെ തന്നെ ചന്ദ്രശേഖർ ആസാദ് പ്രവർത്തിച്ചു . ബ്രിട്ടീഷുകാരന്റെ കൈകളിൽ തന്റെ ജീവനുള്ള ശരീരം എത്തില്ലെന്ന് ദൃഢനിശ്ചയം ചെയ്ത ആ ധീര ദേശാഭിമാനി അവസാനത്തെ വെടിയുണ്ട തന്റെ ശിരസിലേക്ക് തന്നെ പ്രയോഗിച്ചു . സ്വാതന്ത്ര്യമാണ് ജീവിതമെന്ന് വിശ്വസിച്ച ആ മഹാനായകൻ സ്വാതന്ത്ര്യ സമരഭൂമിയിൽ ജീവാർപ്പണം ചെയ്തു

ആസാദിന്റെ മൃതശരീരത്തിനടുത്തെത്താൻ പോലും ഭയപ്പെട്ട് പോലീസുകാർ രണ്ടു മണിക്കൂർ കൂടി കാത്തിരുന്നു . ആസാദ് മരിച്ച വിവരം കൊടുങ്കാറ്റ് പോലെ അലഹബാദിലെങ്ങും പരന്നു . ജനങ്ങൾ കണ്ണീരോടെ ആൽഫ്രഡ് പാർക്കിലേക്ക് ഒഴുകി. ഗംഗാതീരത്തെ മണൽപ്പരപ്പിൽ ആ അനശ്വരാത്മാവിന്റെ അന്ത്യകർമ്മങ്ങൾ നടന്നു . അദ്ദേഹത്തിന്റെ ചിതാഭസ്മം ശേഖരിച്ച് ആയിരക്കണക്കിനാളുകൾ പൂജാമുറിയിൽ സൂക്ഷിച്ചു വച്ചു

ആസാദ് വെടിയെറ്റ് വീണ ആൽഫ്രഡ് പാർക്ക് പിറ്റേന്ന് മുതൽ തീർത്ഥാടന സ്ഥലമായി .അദ്ദേഹം മറഞ്ഞിരിക്കാൻ ഉപയോഗിച്ച വൃക്ഷത്തിലെ വെടിയുണ്ടയേറ്റ പാടുകളിൽ സിന്ദൂരം പൂശി ആബാല വൃദ്ധം ജനങ്ങൾ ആരാധന തുടങ്ങി . അപകടം മനസ്സിലാക്കിയ ബ്രിട്ടീഷുകാർ ആ മരം മുറിച്ചു മാറ്റി . അത് കൂടുതൽ അപകടമായി. ആൽഫ്രഡ് പാർക്കിനെ ജനങ്ങൾ ആസാദ് പാർക്കെന്നു വിളിച്ചു തുടങ്ങി

ഇന്ന് ചന്ദ്രശേഖർ ആസാദിന്റെ 86 -)0 ബലിദാന വാർഷികമാണ് . മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി തന്റെ ഉജ്ജവല യുവത്വം സമരഭൂമിയിൽ ബലിദാനം ചെയ്ത അനശ്വരനായ ആസാദിന് ജനം ടിവിയുടെ പ്രണാമങ്ങൾ ..

Close