മഹാരാഷ്ട്ര : നഗരങ്ങൾക്കൊപ്പം ഗ്രാമ മേഖലകളിലും ബിജെപി തേരോട്ടം

മുംബൈ : നഗര കേന്ദ്രങ്ങളിൽ മാത്രം സ്വാധീനമുള്ള പാർട്ടിയാണ് ബിജെപിയെന്നാണ് പൊതുവെ കരുതപ്പെട്ടിരുന്നത് . എന്നാൽ മഹാരാഷ്‌ട്രയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം സ്ഥിതി വ്യത്യസ്തമാണ് . ഗ്രാമ മേഖലകളിൽ എൻ സി പി യുടേയും കോൺഗ്രസിന്റെയും ഉരുക്കു കോട്ടകളിൽ ഇക്കുറി ബിജെപി വിള്ളലുണ്ടാക്കിയെന്ന് എതിരാളികൾ പോലും സമ്മതിക്കും .

ശിവസേനയുടെ ശക്തി കേന്ദ്രമായ ബൃഹൻ മുംബൈ കോർപ്പറേഷനിൽ ഒറ്റയ്‌ക്ക് നിന്ന് ബിജെപി നേടിയത് 82 സീറ്റുകളും 27.92 ശതമാനം വോട്ടുമാണ് . ശിവസേനയ്‌ക്ക് ലഭിച്ചത് 84 സീറ്റുകളും 28.83 ശതമാനം വോട്ടും .ബിജെപിയെക്കാൾ നാൽപ്പത്തയ്യായിരത്തോളം വോട്ടുകൾ മാത്രമാണ് ശിവസേനയ്‌ക്ക് ലഭിച്ചത് . കോൺഗ്രസും എൻ സി പിയുമൊക്കെ വളരെ പിറകിലാണ് താനും . 2012 ൽ വെറും എട്ട് ശതമാനമായിരുന്നു ഇവിടെ ബിജെപി വോട്ടിംഗ് ശതമാനം . അതും ശിവസേനയുമായി സഖ്യമുണ്ടായിരുന്നപ്പോൾ.ലഭിച്ചതും.

കോൺഗ്രസിന്റെയും എൻ സി പിയുടേയും പരമ്പരാഗത ശക്തി കേന്ദ്രങ്ങളിൽ അവരെ ഞെട്ടിക്കുന്ന പ്രകടനമാണ് ബിജെപി കാഴ്ച വെച്ചത്. 25 ജില്ലാ പരിഷത്തുകളിൽ 24.91 ശതമാനം വോട്ടുകൾ ബിജെപി നേടി . 406 സീറ്റുകളും ലഭിച്ചു . എൻ സി പി 22.95 ഉം കോൺഗ്രസ് 19.43 ഉം ശിവസേന 18.52 ഉം ആണ് നേടിയത്. ഇവർക്ക് യഥാക്രമം 360, 309, 271 സീറ്റുകളും ലഭിച്ചു.

283 പഞ്ചായത്ത് സമിതികളിലെ 2990 സീറ്റുകളിൽ 831 സീറ്റുകളാണ് ബിജെപി നേടിയത്. എൻ സി പി 674 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് 591 ഉം ശിവസേന 581 ഉം സീറ്റുകൾ നേടി. മുൻസിപ്പാലിറ്റിയിലേക്ക് വരുമ്പോൾ 35.36 ശതമാനം വോട്ടുകൾ നേടി ബഹുദൂരം മുന്നിലാണ് ബിജെപി. രണ്ടാം സ്ഥാനത്തുള്ള ശിവസേനയ്‌ക്ക് ലഭിച്ചത് 18.13 ശതമാനമാണ് . പകുതിയിലും അൽപ്പം മാത്രം കൂടുതൽ.

പത്ത് മുനിസിപ്പാലിറ്റികളിൽ 628 സീറ്റുകൾ നേടി ബിജെപി ഒന്നാമതെത്തിയപ്പോൾ തൊട്ടു പിന്നിലുള്ള ശിവസേന നേടിയത് 268 സീറ്റുകളാണ് . എൻ സി പി ക്ക് 131 ഉം കോൺഗ്രസിന് 121 ഉം സീറ്റുകൾ ലഭിച്ചു.

മുൻപ് ശിവസേനയ്‌ക്ക് പിന്നിൽ മാത്രം നിന്നിരുന്ന ബിജെപിക്ക് കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ എടുത്ത ധീരമായ തീരുമാനമാണ് ഗുണകരമായത് . ദേവേന്ദ്ര ഫട്നവിസിന്റെ കഴിവുറ്റ നേതൃത്വവും ബിജെപിയെ സഹായിച്ചു . കേന്ദ്രസർക്കാരിന്റെ ജനക്ഷേമ നടപടികളും ജനങ്ങളെ സ്വാധീനിച്ചുവെന്നു വേണം പറയാൻ . അഴിമതി വിരുദ്ധ ഭരണവും പ്രധാനമായി സഹായിച്ചു.

രാജ്യമെങ്ങും പൊതുവെ ബിജെപി അനുകൂല വികാരമാണെന്നതും ശ്രദ്ധേയമാണ് . ഒഡിഷയിൽ ബിജെഡിയേയും രാഷ്‌ട്രീയ നിരീക്ഷകരേയും ഞെട്ടിച്ചു കൊണ്ട് വിജയം ഉദാഹരണമാണ് . ഗ്രാമീണ മേഖലകളിൽ കടന്നുകയറാതെ ഇത് സാദ്ധ്യമല്ല താനും . എന്തായാലും നഗര വത്കൃത പാർട്ടി എന്ന ഇമേജ് ബിജെപിയെ വിട്ടൊഴിയുകയാണ് . മറ്റ് പാർട്ടികൾ ഭയക്കുന്നതും അത് തന്നെയാണ് .

Close