ഇന്ന് വനിതാ ദിനം

ഇരുപതാം നൂറ്റാണ്ട് മനുഷ്യരാശിക്ക് നൽകിയ അവകാശബോധത്തിന്‍റെ നിരവധി മുഹൂർത്തങ്ങളിൽ ഒന്നാണ് മാർച്ച് 8. സ്ത്രീകളുടെ അവകാശ പ്രഖ്യാപനദിനം. 1910 ൽ ജർമ്മനിയിലെ കോപ്പൻഹേഗൻ സമ്മേളനത്തിൽ തുടങ്ങി ലോകമെമ്പാടും പടർന്നെങ്കിലും നൂറ്റാണ്ടനിപ്പുറവും അതിജീവനത്തിനായി, അവകാശങ്ങളുടെ അംഗീകാരത്തിനായി നിരന്തരം പോരാടേണ്ട അവസ്ഥയിലാണ് സ്ത്രീകൾ.

സ്ത്രീ ഓരോ നിമിഷവും എങ്ങനെ ജീവിക്കുന്നു, എന്തൊക്കെ ചെയ്യുന്നു, എത്ര പ്രതിസന്ധികൾ തരണം ചെയ്യുന്നു, വീട്ടിൽ നിന്ന് മുതൽ പൊതുനിരത്തിൽ വരെ എന്തെന്ത് പീഡനങ്ങൾക്ക് വിധേയയാക്കപ്പെടുന്നു എന്നൊക്കെ ചിന്തിക്കാൻ ഒരു ദിനം. പെണ്ണായി പിറന്നതിലുള്ള അഭിമാനവും സന്തോഷവും ആഘോഷമാവുമ്പോഴും പലയിടത്തും, അത് കൊണ്ടു തന്നെ അവൾ ചുമക്കേണ്ടി വരുന്ന ദുരന്തങ്ങളുടെ ആക്കവും വലുതാണ്.

അതിക്രമം, അസമത്വം, പീഡനം തുടങ്ങി പെണ്ണിന് നരകതുല്യമായ ജീവിതം നൽകുന്ന ലേബലുകൾ നിരവധി. സാമ്പത്തിക, സാമൂഹിക അരക്ഷിതാവസ്ഥക്കിടെ വിശ്വാസത്തിന്‍റെയും മതത്തിന്‍റെയും ഉടുപ്പുകൾ കൊണ്ട് മറയ്ക്കപ്പെടുന്ന ക്രൂരതകൾ വേറെ. വേണ്ടപ്പെട്ടവരെ ഇല്ലായ്മ ചെയ്ത്, സ്ത്രീകളെയും കുട്ടികളെയും അനാഥരാക്കുന്ന അധികാരവും രാഷ്ട്രീയവും മാറേണ്ടതുണ്ട്.

പുരുഷന്‍റെ ലോകം സ്ത്രീക്ക് അപമാനം നൽകുന്ന അവസ്ഥയിൽ നിന്ന് മാറിയാലേ ഈ ദിനത്തിന് പ്രസക്തിയുള്ളു. നിയമങ്ങൾ പ്രായോഗികമാവുന്ന, പെണ്ണിന്‍റെ പ്രതികരണത്തിന് വില നൽകുന്ന സാമൂഹ്യാന്തരീക്ഷം ഓരോ സ്ത്രീയുടെയും അവകാശമാണ്. സമൂഹത്തിൽ സ്ത്രീക്ക് സ്വാധീനമുണ്ടായിരുന്ന നല്ല കാലത്തേക്ക്, ഈ പുതിയ കാലം പെണ്ണിനെ കൂടെ നടത്തുമെന്ന് പ്രതീക്ഷിക്കാം.

സ്ത്രീസാന്നിദ്ധ്യത്തിന്‍റെ ശാരീരിക സാദ്ധ്യതകളിലേക്ക് ചുരുങ്ങാതെ, മനുഷ്യരാശിയുടെ തുല്യപാതിയെ ചവിട്ടിയരച്ച് താഴേക്ക് നോക്കാതെ, കണ്ണുയർത്തി നോക്കാൻ, അവളെ യഥാർത്ഥ സ്വത്വത്തിൽ മനസ്സിലാക്കാൻ, വരുംദിനങ്ങൾക്ക് കഴിയണം- അന്ന് , സ്ത്രീക്ക് വീട്ടിൽ, സമൂഹത്തിൽ, പൊതുഇടങ്ങളിൽ, ലോകത്തിൽ തന്നെയും എല്ലാദിനങ്ങളും സ്വന്തമാവും.

Shares 250
Close