തുർക്കിയുടെ യൂറോപ്യൻ യൂണിയൻ പ്രവേശനം അനിശ്ചിതത്വത്തിൽ

യൂറോപ്യൻ രാജ്യങ്ങളിൽ റാലികളും സമരങ്ങളും സംഘടിപ്പിക്കാനുള്ള തുർക്കിയുടെ നീക്കത്തിനെതിരെ യൂറോപ്യൻ യൂണിയനിൽ അമർഷം ശക്തമാകുന്നു. അധികാര വ്യാപ്തിക്കായി നടത്തുന്ന നീക്കങ്ങളിൽ നിന്ന് തുർക്കി പിന്മാറണമെന്നാവശ്യപ്പെട്ട് പ്രമുഖ രാജ്യങ്ങൾ രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ തുർക്കിയുടെ യൂറോപ്യൻ യൂണിയൻ പ്രവേശനവും അനിശ്ചിതത്വത്തിലായി.

പ്രസിഡന്‍റ് എന്ന നിലയിൽ തന്‍റെ അധികാരം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് തുർക്കി പ്രസിഡന്‍റ് തയ്യിബ് എർദോഗൻ നടത്തുന്ന നീക്കങ്ങളാണ് ഇപ്പോൾ പ്രതിഷേധത്തിന് ഇടയാക്കിയത്. തുര്‍ക്കിയിൽ നിന്നുള്ളവർ കൂടുതലുള്ള യൂറോപ്യൻ രാജ്യങ്ങളിൽ മന്ത്രിമാർ നേരിട്ട് ചെന്ന് റാലികളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഇതിലൂടെ അധികാര വ്യാപ്തി വിഭാവനം ചയ്യുന്ന റഫറണ്ടത്തിൽ കൂടുതൽ ഒപ്പുനേടുക എന്നതാണ് ലക്ഷ്യം.

എന്നാൽ ഇത് അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് രാജ്യങ്ങൾ. തങ്ങളുടെ രാജ്യത്ത് റാലികൾ നിരോധിച്ച ജർമ്മനിയുടെയും നെതർലാന്‍ഡിന്‍റെയും നടപടിയെ നാസിസം എന്നാണ് തയ്യിബ് എർദോഗൻ വിശേഷിപ്പിച്ചത്. തുർക്കി സാമാന്യബോധത്തിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്ന് ജർമ്മൻ വിദേശകാര്യമന്ത്രി വ്യക്തമാക്കി.

സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇവിടങ്ങളിൽ റാലികൾ നിരോധിച്ചപ്പോൾ ഫ്രാൻസ് സമാധാനപരമായ കൂടിച്ചേരലുകൾക്ക് അനുമതി നല്‍കി. ഏതായാലും വളരെ നാളുകളായി യൂറോപ്യൻ യൂണിയനിൽ അംഗമാകാനുള്ള തുർക്കിയുടെ ശ്രമങ്ങൾക്ക് തിരിച്ചടിനൽകുന്നതായിരിക്കും ഇപ്പോഴത്തെ നടപടിയെന്നാണ് വിലയിരുത്തിൽ.

Close