മലപ്പുറം : താനൂരിലെ സിപിഎം അക്രമം സര്‍ക്കാറിന്റെ പിന്തുണയോടെയാണെന്ന് ബിജെപി. പോലീസിനെ കൂട്ടുപിടിച്ച് നടത്തിയ അക്രമത്തിലൂടെ സിപിഎമ്മും മുസ്ലീം ലീഗും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയായിരുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. അക്രമത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
താനൂരിലെ തീരദേശ മേഖലയില്‍ ഞായറാഴ്ച അര്‍ദ്ധരാത്രിയുണ്ടായ അക്രമം പോലീസിനെ കൂട്ടുപിടിച്ച് സിപിഎമ്മുകാര്‍ നടത്തിയതാണെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. സര്‍ക്കാരിന്റെ പിന്തുണയോടെയായിരുന്നു അക്രമം. കേരളത്തില്‍ ഇതുവരെ കാണാത്ത നരനായാട്ടായിരുന്നു ഇത്.
സിപിഎമ്മുകാര്‍ കാണിച്ചുകൊടുക്കുന്ന വീടുകള്‍ക്കും ആളുകള്‍ക്കും നേരെയായിരുന്നു പോലീസ് ആക്രമണം. പ്രദേശത്തെ ജനങ്ങള്‍ ഇപ്പോഴും ഭീതിയോടെയാണ് കഴിയുന്നത്. സര്‍ക്കാര്‍ തന്നെ ഇവിടെയുള്ള ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിരോധിച്ചെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.