ഐഡിയയും വോഡഫോണും ഒന്നിക്കുന്നു

മുംബൈ: രാജ്യത്തെ മൊബൈല്‍ സേവനദാതാക്കള്‍ക്ക് കനത്ത വെല്ലുവിളിയുയര്‍ത്തി വമ്പന്‍ ഓഫറുകളുമായി കടന്നു വന്ന റിലയൻസ് ജിയോയെ നേരിടാൻ  ഐഡിയയും വോഡഫോണും ഒന്നിക്കുന്നു. ലയനം സംബന്ധിച്ച് ഇരു കമ്പനികളും ഔദ്യോഗികമായി ധാരണയിലെത്തി.

ലയനത്തോടെ വോഡഫോണിന് 45 ശതമാനം ഓഹരികള്‍ സ്വന്തമാകും. മൂന്ന് വീതം ഡയറക്ടര്‍മാരെ ബോര്‍ഡിലേയ്ക്ക് ഇരുകമ്പനികളും നോമിനേറ്റ് ചെയ്യാനും ധാരണയിലെത്തിയിട്ടുണ്ട്.

സിഇഓ, സിഓഓ എന്നിവരെ നിയമിക്കുക രണ്ട് കമ്പനികളുടെയും അംഗീകാരത്തോടെയായിരിക്കും. എന്നാൽ ചെയര്‍മാനെ നിയമിക്കാനുള്ള അവകാശം ഐഡിയയ്ക്കായിരിക്കുമെന്നും വ്യവസ്ഥകളില്‍ പറയുന്നു.

24 മാസത്തിനുള്ളില്‍ ലയന നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ഇരുകമ്പനികളും അറിയിച്ചു.

വോഡഫോൺ-ഐഡിയ ലയനം യാഥാർത്ഥ്യമാകുന്നതോടെ അവരാകും രാജ്യത്തെ ഏറ്റവും വലിയ സേവനദാതാക്കൾ. 40 കോടിയോളം ഉപഭോക്താക്കള്‍ ഇവരുടെ വരിക്കാരാകും.  ഇത് തലവേദന സൃഷ്ടിക്കുന്നത് നിലവിലെ വലിയ സേവനദാതാവായ എയർടെല്ലിനാണ്.

നേരത്തെ വോഡഫോൺ ഇന്ത്യ ഐഡിയയുമായി യോജിച്ച് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി അദിത്യ ബിർള ഗ്രൂപ്പുമായി ചർച്ചകൾ നടന്നുവരികയാണെന്ന് വോഡഫോൺ വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു.

 

Close