പാകിസ്ഥാനിൽ കാണാതായ മുസ്ലീം പുരോഹിതർ തിരിച്ചെത്തി

ന്യൂഡൽഹി: പാകിസ്ഥാനിൽ കാണാതായ ഇന്ത്യൻ മുസ്ലീം മത പുരോഹിതർ ഇന്ത്യയിലെത്തി. മാർച്ച് 14നാണ് രണ്ട് മുസ്ലീം മത പുരോഹിതരെ കാണാതായത്. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ശക്തമായ ഇടപെടലിനൊടുവിലാണ് ഇവരെ തിരിച്ച് നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പാകിസ്ഥാൻ വേഗത്തിലാക്കിയത്.

മാർച്ച് 14ന് കാണാതായ ഇവരെ കറാച്ചിയിൽ നിന്നാണ് കണ്ടെത്തിയത്.

ഹസ്രത്ത് നിസാമിദ്ദീൻ അവുലിയ ദർഗയിലെ മുഖ്യ പുരോഹിതൻ സെയ്‌ദ് ആസിഫ് അലി നിസാമിയും അദ്ദേഹത്തിന്റെ അനന്തരവൻ നസീം അലി നിസാമിയും മാർച്ച് ആറിനാണ് ബന്ധുക്കളെ സന്ദർശിക്കുന്നതിനായി കറാച്ചിയിലേക്കു പോയത്.

ഇവിടെ നിന്നും സിന്ധ് പ്രവിശ്യയുടെ ഉൾപ്രദേശങ്ങളിലേക്കു പോയ ഇവർക്ക് മൊബൈൽ നെറ്റ്‌വർക്കിന്റെ അഭാവത്തിൽ നാട്ടിലുളളവരുമായി ബന്ധപ്പെടാൻ കഴിയാതെ വരികയായിരുന്നുവെന്നാണ് വിവരം.

സഹോദരിയോടൊപ്പം കറാച്ചിയിലെ നിസാമി നഗ്രിയിൽ ഒരാഴ്ച്ച ചിലവഴിച്ച ഇവർ മാർച്ച് 13ന് ലാഹോറിലെ ദത്ത ദർബാർ ദേവാലയം സന്ദർശിച്ച ശേഷം കറാച്ചിയിലേക്കു തിരിച്ചെത്താനിരിക്കേയാണ് കാണാനില്ലെന്ന് വിവരം ലഭിക്കുന്നത്.

കാണാതായ ഇരുവരെയും കണ്ടെത്തുന്നതിനായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ശ്രമങ്ങളാരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രി സുഷമാസ്വരാജും, പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസും തമ്മിൽ ചർച്ച നടത്തിയിരുന്നു.

Close