സൂപ്പർ പവർ ഡ്രോണുമായി ഐ.ഐ.ടി ഖരഖ്‌പൂർ

കൊൽക്കൊത്ത: സൂപ്പർ പവർ ഡ്രോണായ ഭീമുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഖരഖ്‌പൂർ. മഹാഭാരതത്തിലെ ഐതിഹാസികവ്യക്തിത്വമായ ഭീമസേനന്റെ പേരാണ് ഈ ഡ്രോണിന് ഐ.ഐ.ടിയിലെ യുവശാസ്ത്രജ്ഞർ നൽകിയിരിക്കുന്നത്.

രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്ന ആദ്യ സൂപ്പർ പവർ ഡ്രോൺ ആയിരിക്കും ഭീം. ഖരഖ്‌പൂർ ഐ.ഐ.ടിയിലെ ഗവേഷണവിഭാഗമാണ് ഡ്രോൺ വികസിപ്പിച്ചെടുത്തത്. ഒരു മീറ്ററോളം നീളമുളള ഭീമിന് പറന്നു നിൽക്കുന്നതിന് ഒരു കിലോമീറ്റർ ചുറ്റളവിൽ വൈ‌ഫൈ വലയം സൃഷ്ടിക്കാൻ സാധിക്കും. ഏഴു മണിക്കൂറോളം തുടർച്ചയായി പറക്കാൻ സഹായിക്കുന്നതാണ് ഇതിന്റെ ബാറ്ററി. ദുരന്തസ്ഥലങ്ങളിലും യുദ്ധമുഖത്തും പറന്നെത്തുന്നതിനും വാർത്താവിനിമയത്തിനുളള സാഹചര്യം സൃഷ്ടിക്കുന്നതിനും ഭീമിനു കഴിവുണ്ട്. ഇത് സൈനിക-സൈനികേതര ആവശ്യത്തിനെന്നതിലുപരി പൊതുജനങ്ങളുടെ സേവനത്തിനും ഉപയോഗിക്കാൻ സാധിക്കും.

കൂടുതൽ സമയം പറക്കാനുളള കഴിവും, പാരച്യൂട്ട് ഉപയോഗിച്ച് അവശ്യസാധനങ്ങൾ എത്തിച്ചു നൽകാനുളള കഴിവും ദുരന്തമുഖത്തും, യുദ്ധമുഖത്തും വളരെയേറെ പ്രയോജനം ചെയ്യുമെന്ന് കരുതുന്നു. അതിർത്തിയിലെ സുരക്ഷാപരിശോധനയ്ക്കും ഇവ സഹായകരമാണെന്ന് ഇത് വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.

നിലവിൽ ഡ്രോണുകളിൽ ലഭ്യമല്ലാത്ത പല സാങ്കേതിക വിദ്യകളും ഭീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഗവേഷക സംഘം വ്യക്തമാക്കി. ഡ്രോണിന്റെ കൺട്രോളിംഗ് ആൻഡ് ഗൈഡിംഗ് അൽഗോരിതം ഐ.ഐ.ടിയുടെ ലാബിൽ തന്നെയാണ് വികസിപ്പിച്ചതെന്ന് ഖരഖ്‌പൂർ ഐ.ഐ.ടിയിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെന്റിലെ ഫാക്കൽറ്റി അംഗം സുദീപ് മിശ്ര വ്യക്തമാക്കി. സുദീപ് മിശ്രയും, മറ്റൊരദ്ധ്യാപകനായ എൻ.എസ് രഘുവംശിയും ചേർന്നാണ് ഡ്രോണിന്റെ ഗവേഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ആനന്ദ്‌രൂപ് മുഖർജി, അർജിത് റോയ് എന്നിവരും സംഘത്തിലെ അംഗങ്ങളായിരുന്നു.

Close