ബി.ജെ.പിയുടെ യു.പി വിജയത്തെ വിലകുറച്ചു കാണുന്നില്ലെന്ന് ഉമ്മൻ ചാണ്ടി

കോഴിക്കോട്: യു.പി ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്കുണ്ടായ ജയം ചെറുതായി കാണുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ പശ്ചാത്തലത്തില്‍ ബി.ജെ.പി വിരുദ്ധരെ ഒരുമിപ്പിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

യു.പി തിരഞ്ഞെടുപ്പിനുശേഷം ഇന്ത്യന്‍ രാഷ്ട്രീയം എന്ന വിഷത്തില്‍ എം.ഇ.എസ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുസമൂഹം വിധികര്‍ത്താവ് ആകുന്നതിലേക്ക് ഇന്ത്യൻ രാഷ്ട്രീയം മാറിയതായി ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം അഡ്വ.പി.എസ് ശ്രീധരന്‍ പിളള പറഞ്ഞു.

യു.പി തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ ജയം ഭയപ്പെടുത്തുന്നില്ല. എന്നാല്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതില്‍ ആശങ്കയുണ്ട്. ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ബി.ജെ.പി വിരുദ്ധര്‍ ഒരുമിക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് അതിന് മുന്‍കൈ എടുക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

വാജ്‌പേയ് സര്‍ക്കാര്‍ മതവും രാഷ്ട്രീയവും നോക്കാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചത് ഭരണാധികാരി പാര്‍ട്ടിയുടെ ചട്ടുകമല്ലെന്നതിന്റെ തെളിവാണെന്നും ബി.ജെ.പിക്കെതിരെ ന്യൂനപക്ഷത്തെ ഭയപ്പെടുത്തിനിര്‍ത്തുന്ന നിഷേധാത്മക രാഷ്ട്രീയം വിലപ്പോവില്ലെന്നതിന്റെ തെളിവാണ് യു.പിയില്‍ ഉള്‍പ്പെടെ ബി.ജെ.പിക്കുണ്ടായ വിജയമെന്ന് പി.എസ്.ശ്രീധരന്‍ പിളള പറഞ്ഞു.

എം.ഇ.എസ് പ്രസിഡന്റ് പി.എ ഫസല്‍ ഗഫൂര്‍ മോഡറേറ്ററായിരുന്നു. വിവധ രാഷ്ട്രീയനേതാക്കളായ എ.വിജയരാഘവന്‍, ഡോ.വര്‍ഗീസ് ജോർജ്ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Close