KeralaNews

അയ്യൻകാളി പ്രതിമയിൽ വർഷത്തിലൊരിക്കൽ മാല ചാർത്തിയാൽ പട്ടികജാതി സംരക്ഷണം ആകില്ലെന്ന് കുമ്മനം

തിരുവനന്തപുരം: അയ്യൻകാളി പ്രതിമയിൽ വർഷത്തിലൊരിക്കൽ മാല ചാർത്തിയാൽ പട്ടികജാതി സംരക്ഷണം ആകില്ലെന്ന് ഇടത് വലത് മുന്നണികൾ മനസ്സിലാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. പട്ടികജാതി വിഭാഗങ്ങളുടെ അവശതകളേപ്പറ്റിയും അവകാശങ്ങളേപ്പറ്റിയും പ്രജാസഭയിൽ അയ്യൻകാളി പ്രസംഗിച്ചിട്ട് 100 വർഷമായെങ്കിലും അവയിൽ ഒന്നുപോലും നിറവേറ്റാൻ മാറിമാറി ഭരിച്ച സർക്കാരുകൾക്കായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വർദ്ധിച്ച് വരുന്ന ദളിത് പീഡനങ്ങളില്‍ പ്രതിഷേധിച്ച് പട്ടികജാതി-വർഗ്ഗ മോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് നടക്കുന്ന ദളിത് പീഡനങ്ങളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഭാരതത്തിലെ മറ്റൊരു സംസ്ഥാനത്തിലുമുണ്ടാകാത്ത വിധം ദളിത് പീഡനങ്ങളാണ് കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളില്‍ കേരളത്തില്‍ നടന്നത്. അതില്‍ 90 ശതമാനം കേസുകളിലും സിപിഎമ്മിലെയോ അതിന്റെ പോഷക സംഘടനകളിലേയോ നേതാക്കന്‍മാരാണ്. സാധാരണക്കാര്‍ മാത്രമല്ല സര്‍ക്കാര്‍ സര്‍വ്വീസിലുള്ള ഉദ്യോഗസ്ഥര്‍ പോലും ദളിതനെന്ന് പറഞ്ഞ് അധിക്ഷേപങ്ങളും അവഗണനകളും നേരിടേണ്ടിവരുന്നു.

ദളിത് പീഡനങ്ങളുടെ കണക്കുകള്‍ പട്ടികജാതി ക്ഷേമമന്ത്രി എകെബാലന്‍ നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ ഒറ്റപ്പെട്ട സംഭവമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഈ നിലപാട് തുടര്‍ന്നാല്‍ പട്ടികജാതി മോര്‍ച്ചയുടെ നേതൃത്വത്തില്‍ ജീവിക്കാനുള്ള അവകാശങ്ങള്‍ക്ക് വേണ്ടി ശക്തമായ പ്രക്ഷോഭസമരങ്ങള്‍ നടത്തുമെന്നും കുമ്മനം പറഞ്ഞു.

പ്രലോഭനങ്ങളിലൂടെയും ഭീഷണിയിലൂടെയും ദളിത് വിഭാഗങ്ങളെ കൂടെനിര്‍ത്താമെന്ന വ്യാമോഹം ദളിതന്‍റെ പേറ്റന്‍റ് അവകാശപ്പെടുന്ന സിപിഎമ്മിന് ഇനി വേണ്ടെന്ന് കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എം.കെ.നീലക്ണഠന്‍ മാസ്റ്റര്‍ പറഞ്ഞു. വടക്കേ ഇന്ത്യയിലെ നിസാര വിഷയങ്ങൾക്കു പോലും പ്രധാനമന്ത്രി മോദിക്കെതിരെ വാളെടുക്കുന്നവര്‍ കേരളത്തില്‍ നടക്കുന്ന ദളിത് പീഡനങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്.

ദലിത് വിഭാഗത്തിലെ സാധാരണക്കാരനും വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും ഒരുപോലെ ഇടത് പക്ഷത്തിന്റെ ആക്രമണത്തിന് ഇരയാകുന്നു. പുലയ ക്ഷേമ സഭയെന്ന പേരില്‍ സിപിഎം ആരംഭിച്ച സംഘടനയിലൂടെ ദളിതനെ വീണ്ടും ദളിതനാക്കി മാറ്റുകയാണ് ചെയ്യുന്നത്. ബിജെപി മാത്രമാണ് സ്വന്തം പതാക പട്ടികജാതി വിഭാഗത്തിന് നല്‍കിയതെന്നുംഅദ്ദേഹം പറഞ്ഞു.

പട്ടികജാതി മോര്‍ച്ചയുടെ ശക്തമായ സമരത്തിലൂടെ പിണറായി വിജയന് ഉറക്കം നഷ്ടപ്പെടുന്ന രാത്രികളാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ പറഞ്ഞു. പട്ടികജാതി ക്ഷേമത്തിനായി വകയിരുത്തുന്ന തുകയുടെ അമ്പത് ശതമാനം പോലും സര്‍ക്കാര്‍ ചെലവഴിക്കുന്നില്ല. ഭൂമിനല്‍കാതെയും വീട്ആക്രമിച്ചും പഠനം നിഷേധിച്ചും ദളിതന് ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പുത്തരികണ്ടത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ കുട്ടികളും സ്ത്രീകളുമടക്കം നൂറുകണക്കിന് പേര്‍ പങ്കെടുത്തു. പട്ടിക ജാതിമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.പി.സുധീര്‍, ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി എം വേലായുധൻ, സെക്രട്ടറിമാരായ വി.വി.രാജേഷ്, സി.ശിവന്‍കുട്ടി, ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Close