മലപ്പുറം ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥി നിർണ്ണയത്തിൽ പിണറായി-കുഞ്ഞാലിക്കുട്ടി രഹസ്യ ചർച്ചയെന്ന് ബിജെപി

കോഴിക്കോട്: മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാർത്ഥി നിർണ്ണയത്തിൽ പിണറായി വിജയനും കുഞ്ഞാലിക്കുട്ടിയും തമ്മിൽ ഗൂഡാലോചന നടത്തിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. കഴിഞ്ഞ 18 ന് വളാഞ്ചേരിയിലെ ഒരു പ്രമുഖ വ്യവസായിയുടെ വീട്ടിൽ ഇരുവരും രഹസ്യ ചർച്ച നടത്തിയാണ് സിപിഎം സ്ഥാനാർത്ഥിയെ തീരുമാനിച്ചത്.

മുസ്ലീം ലീഗുകാരനായ മറ്റൊരു വ്യവസായ പ്രമുഖനും ചർച്ചയിൽ പങ്കെടുത്തിട്ടുണ്ട്. സിപിഎം സ്ഥാനാർത്ഥി പട്ടികയിലുണ്ടായിരുന്ന മൂന്ന് പേരുകൾ മറികടന്ന് അപ്രസക്തനായ ആളെ സ്ഥാനാർത്ഥിയാക്കിയത് ഈ ചർച്ചകളുടെ അടിസ്ഥാനത്തിലാണ്.

മലപ്പുറത്ത് ബിജെപി കോൺഗ്രസ് സഹകരണമെന്ന് ആക്ഷേപിക്കുന്ന വി എസ് അച്യുതാനന്ദൻ ഇക്കാര്യത്തിൽ അഭിപ്രായം വ്യക്തമാക്കണം. പിണറായിയുടെ നീക്കം മനസ്സിലാക്കിയാണ് കോടിയേരി ബാലകൃഷ്ണൻ തെരഞ്ഞെടുപ്പ് സർക്കാരിന്‍റെ വിലയിരുത്തലാകുമെന്ന് മുൻകൂട്ടി പ്രഖ്യാപിച്ചത്. ഐസ്ക്രീം പാർലർ കേസിൽ കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ച അതേ നിലപാടാണ് പിണറായി വിജയന് ഇപ്പോഴുമുള്ളതെന്നും എം ടി രമേശ് കോഴിക്കോട്ട് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മലപ്പുറത്തെ സ്ഥാനാർത്ഥി നിർണ്ണയം എല്ലാ ഘടകകക്ഷികളോടും ആലോചിച്ചതിനുശേഷമാണ് നടത്തിയത്. അവിടെ മത്സരിക്കുന്നത് ബിജെപിയായതിനാലാണ് സ്ഥാനാർത്ഥി പ്രഖ്യാപനം ബിജെപി നടത്തിയതെന്നും രമേശ് കോഴിക്കോട് പറഞ്ഞു.

Close