തളാപ്പ് അക്രമം : പിടിയിലായവർ പകൽ സിപിഎമ്മും രാത്രിയിൽ പോപ്പുലർ ഫ്രണ്ടുമെന്ന് ബിജെപി

കണ്ണൂർ : കണ്ണൂര്‍ തളാപ്പില്‍ ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് കെ.സുശീല്‍കുമാറിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സി.പി.എമ്മിന്റെ ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളാണെന്ന് ബി.ജെ.പി ആരോപിച്ചു. മിക്ക അക്രമസംഭവങ്ങള്‍ക്കും പിന്നില്‍ പകല്‍ സി.പി.എമ്മും രാത്രി പോപുലര്‍ ഫ്രണ്ടുമായി പ്രവര്‍ത്തിക്കുന്ന ചിലരാണെന്ന് നേരത്തെ തങ്ങള്‍ വെളിപ്പെടുത്തിയത് സത്യമാണെന്ന് ഇപ്പോള്‍ തെളിഞ്ഞതായും ബി.ജെ.പി ജില്ലാ നേതൃത്വം വ്യക്തമാക്കി.

ബി.ജെ.പി നേതാവ് സുശീല്‍കുമാറിനു നേരെ വധശ്രമം നടന്ന് ഇരുപത്തിയേഴ് ദിവസം കഴിഞ്ഞാണ് പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്. മൂവരും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നാണ് പൊലീസ് വ്യക്തമാക്കിയത്. അതേസമയം, സംഭവത്തില്‍ സി.പി.എമ്മിന്റെ പങ്ക് സുവ്യക്തമാണെന്ന നിലപാടിലാണ് ബി.ജെ.പി. സി.പി.എമ്മിന്റെ ക്വട്ടേഷന്‍ സംഘത്തില്‍ നിരവധി പോപുലര്‍ ഫ്രണ്ടുകാരുണ്ടെന്ന് നേരത്തെയുണ്ടായിരുന്ന ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം വ്യക്തമാക്കി.

സുശീല്‍കുമാറിനെയും കൂടെയുണ്ടായിരുന്ന രണ്ടുപേരെയും ആക്രമിച്ചത് എട്ടുപേരടങ്ങുന്ന സംഘമാണെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ബാക്കിയുള്ള അഞ്ചുപേരെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. സി.പി.എം നേതൃത്വത്തിന്റെ അറിവോടെ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് സുശീലിനു നേരെയുള്ള ആക്രമണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ബിജെപി

Close