പരിമിതമായ കാഴ്ചശക്തിയുമായി സാഗർ ബഹേതി സ്വന്തമാക്കിയത് ചരിത്രനേട്ടം

ന്യൂഡൽഹി: ഇന്ത്യൻ കായികചരിത്രത്തിൽ സുവർണ്ണലിപികളാൽ എഴുതിച്ചേർക്കാൻ കഴിയുന്ന നേട്ടത്തിനുടമയാവുകയാണ് ബംഗലുരു സ്വദേശിയായ സാഗർ ബഹേതി. പരിമിതമായ കാഴ്ചശക്തിയുമായി ബഹേതി ഓടിക്കയറിയത് ബോസ്റ്റൺ മാരത്തോണിലെ സുവർണ്ണ നേട്ടത്തിലേക്കാണ്. ലോകത്തിലെ ഏറ്റവും പഴക്കമുളള, കഠിനമായ മാരത്തോണായാണ് ബോസ്റ്റൻ മാരത്തോൺ വിലയിരുത്തപ്പെടുന്നത്.

ബസാച്ചുസെറ്റ്‌സ് അസോസിയേഷൻ ഫോർ ദ ബ്ലൈൻഡ് എന്ന സംഘടനയുടെ പിന്തുണയോടെയാണ് സാഗർ മത്സരത്തിൽ പങ്കെടുക്കാനായി അമേരിക്കയിലെത്തിയത്. പ്രശസ്തമായ മാരത്തോണിൽ പങ്കെടുക്കുന്ന കാഴ്ചപരിമിതിയുളള ആദ്യ ഭാരതീയൻ എന്ന ബഹുമതി കൂടി ഇതിലൂടെ സാഗറിനു സ്വന്തമായി.

121ആം ബോസ്റ്റൺ മാരത്തോണിൽ 30,000 പേരാണ് പൊളളുന്ന ചൂടു വകവയ്ക്കാതെ പങ്കെടുത്തത്. ഈ ദശകത്തിലെ ഏറ്റവും ചൂടേറിയ രണ്ടാമത്തെ മാരത്തോണായാണ് 2017ലെ മാരത്തോൺ വിലയിരുത്തപ്പെടുന്നത്.

നാലു മണിക്കൂറുകൾ കൊണ്ട് സാഗർ ഓടിയെത്തിയത് 42.16 കിലോമീറ്ററുകളാണ്. സാഗറിന്റെ പ്രകടനം നേരിൽ കാണുന്നതിനായി സാഗറിന്റെ മാതാപിതാക്കളായ വിഷ്ണുകാന്ത, നരേഷ് ബഹേതി എന്നിവരും അമേരിക്കയിലെത്തിയിരുന്നു. ബിസിനസ്സുകാരൻ കൂടിയായ സാഗർ മാരത്തോണിലെ തന്റെ പങ്കാളിത്തം കൊണ്ട് കാഴ്ചപരിമിതിയുളളവർക്കായുളള ആധുനിക ഉപകരണങ്ങൾ നിർമ്മിക്കുന്ന മാബ്‌വിക്കു വേണ്ടി 10,000 ഡോളർ സമാഹരിക്കാനാകുമെന്നാണ് കരുതുന്നത്.

സാഗർ ബഹേതി കുട്ടിക്കാലം മുതൽ ക്രിക്കറ്റിലും തൽപ്പരനാണ്. അച്ഛനും, അമ്മാവന്മാരും ക്ലബ്ബ് ലെവൽ മുതൽ ക്രിക്കറ്റ് കളിക്കുന്നതു കണ്ടാണ് താൻ വളർന്നതെന്ന് സാഗർ പറഞ്ഞു. ഇതിൽ നിന്നും പ്രചോദനമുൾക്കൊണ്ട താൻ 14 വയസ്സു മുതൽ ക്രിക്കറ്റ് കളിക്കാനാരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് തനിക്ക് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നതു വരെയും സാഗർ ക്രിക്കറ്റ് കളി തുടർന്നിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Close