യു.എസ് ബോംബാക്രമണത്തിൽ 13 ഇന്ത്യൻ ഐ.എസ് ഭീകരർ കൊല്ലപ്പെട്ടതായി അഫ്ഗാൻ

നം‌ഗർഹാർ: അമേരിക്കൻ ബോംബാക്രമണത്തിൽ ഇന്ത്യയിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന 13 ഭീകരർ കൊല്ലപ്പെട്ടതായി അഫ്ഗാനിലെ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇക്കൂട്ടത്തിൽ അഞ്ചോളം മലയാളികളും ഉളളതായി നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു.

അഫ്ഗാനിസ്ഥാനിലെ നംഗർഹാറിൽ ബോംബുകളുടെ മാതാവെന്നറിയപ്പെടുന്ന ജി.ബി.യു-43 ബി ഉപയോഗിച്ച് അമേരിക്ക നടത്തിയ ബോംബാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടതെന്നാണ് വിവരം. ആക്രമണത്തിൽ ആകെ 90ലധികം ഭീകരർ കൊല്ലപ്പെട്ടതായി അഫ്ഗാൻ സ്ഥിരീകരിച്ചിരുന്നു. അതേസമയം വിഷയത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും സംഭവത്തേക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനായി ഇന്റർപോളിന്റെ സഹായം തേടിയതായും ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി.

യു.എസ് ബോംബാക്രമണം നടത്തുന്ന സമയം മലയാളികൾ ഉൾപ്പെടെയുളള ഇന്ത്യക്കാർ സ്ഥലത്തുണ്ടായിരുന്നതായി നേരത്തേ സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇവരിൽ എത്ര പേർ കൊല്ലപ്പെട്ടു എന്നതിനേക്കുറിച്ച് ഇനിയും കൃത്യമായ കണക്കുകൾ ലഭിക്കേണ്ടതുണ്ട്. ഇന്ത്യയിൽ നിന്നു പോയവരേക്കുറിച്ച് ആക്രമണത്തിനു ശേഷം വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അതേസമയം കൊല്ലപ്പെട്ട ഐ.എസ് കമാൻഡർമാരായ മുഹമ്മദ്, അല്ലാ ഗുപ്ത എന്നിവർ ഇന്ത്യക്കാരാണെന്നാണ് വിവരം.

Close