മുഖം നോക്കാതെ യോഗി : മുലായവും കുടുങ്ങി

ലഖ്നൗ :  തെറ്റ് കണ്ടാൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന പ്രഖ്യാപനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നോട്ടുപോയപ്പോൾ, കുടുങ്ങിയത് സാക്ഷാൽ മുലായംസിംഗ് യാദവ്. വൈദ്യുതി വകുപ്പ് നടത്തിയ പരിശോധനയിൽ, മുൻ മുഖ്യമന്ത്രിയുടെ ആഡംബരവസതിയിൽ അനുവദനീയമായതിലും കൂടുതൽ വൈദ്യുതി ഉപയോഗിച്ചിരുന്നതായി കണ്ടെത്തി.

ഉത്തർപ്രദേശ് നിയമസഭാ മണ്ഡലത്തിലെ എത്ത്വാഹിലാണ് മുലായംസിംഗ് യാദവിന്‍റെ നിരവധി ആഡംബരവസതികളിലൊന്ന് സ്ഥിതി ചെയ്യുന്നത്. ഒരു ഡസനിലധികം മുറികളും സ്വന്തമായി ശീതീകരണപ്ലാന്‍റുകളുമൊക്കെയുണ്ട് ഈ കൊട്ടാരവളപ്പിനുള്ളിൽ. ഇവിടെയാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. മുലായംസിംഗ് ഈ സമയം ലഖ്നൗവിലായിരുന്നു.

പരിശോധനയിൽ വ്യാപക ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. വൈദ്യുതിയുടെ ദിനംപ്രതി ഉപയോഗം 5 കിലോവാട്ടിനുള്ളിലായിരിക്കണമെന്നത് നിരവധി തവണമറികടന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ നാല് ലക്ഷം രൂപയുടെ ബില്ല് അടയ്ക്കാതെയുമുണ്ട്. ഈ മാസം തന്നെ തുക അടയ്ക്കണമെന്ന് ഉദ്യോഗസ്ഥർ ശാസന നല്‍കിയിട്ടുണ്ട്.

വേനൽ കടുത്തതോടെ ഉത്തർപ്‍രദേശിൽ വൈദ്യുതിക്ഷാമവും രൂക്ഷമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വൈദ്യുതി മോഷണം ഉൾപ്പെടെയുള്ളവ കണ്ടെത്തുന്നതിനായി പരിശോധന വ്യാപകമാക്കിയത്.

Close