ഖത്തറിൽ ഗുരുതരമല്ലാത്ത വാഹനാപകടങ്ങള്‍ മെട്രാഷ് -2 ലൂടെ റിപ്പോർട്ട് ചെയ്യണം

ഖത്തർ: ഖത്തറിൽ ഗുരുതരമല്ലാത്ത വാഹനാപകടങ്ങള്‍ മെട്രാഷ് -2 ലൂടെ റിപ്പോർട്ട് ചെയ്യണമെന്ന് ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു. വാഹനാപകടങ്ങള്‍ മെട്രാഷ് വഴി റിപ്പോര്‍ട്ട് ചെയ്യുന്നതിനുളള സൗകര്യം കഴിഞ്ഞ ഓഗസ്റ്റിലാണ് ആരംഭിച്ചതെങ്കിലും വളരെക്കുറച്ച് വാഹനസഞ്ചാരികള്‍ മാത്രമാണ് സേവനം ഉപയോഗിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

മെട്രാഷ് 2 വഴി വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാമെന്നതിനെക്കുറിച്ചുളള അറിവില്ലായ്മയാണ് സേവനം ഉപയോഗിക്കാത്തതിന്റെ പ്രധാനകാരണം. ഖത്തറിൽ രജിസ്റ്റര്‍ ചെയ്ത വാഹനാപകടങ്ങളില്‍ 90 ശതമാനവും ഗുരുതരമല്ലാത്തവയാണ്. ഗുരുതരമല്ലാത്ത വാഹനാപകടങ്ങളിലുളള നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിനാണ് മെട്രാഷ് 2ലൂടെ സൗകര്യം ചെയ്തത്. അതേസമയം, ചെറിയ അപകടങ്ങള്‍ മെട്രാഷ് വഴി രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ പലപ്പോഴും അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ ചിത്രങ്ങള്‍ മാത്രമാണ് അയക്കുന്നത്. അപകടം എന്താണ് എന്നതിന്റെ ചിത്രങ്ങള്‍ അയക്കാത്തത് അന്വേഷണോദ്യോഗസ്ഥരെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്ന് മന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം-ഇ-സര്‍വീസ് മേധാവി ക്യാപ്റ്റന്‍ അലി അഹമ്മദ് അല്‍ ബിനാലി പറഞ്ഞു.

അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, ഉര്‍ദു, മലയാളം എന്നീ 6 ഭാഷകളിലാണ് സേവനം നല്‍കുന്നത്. അപകടം നടന്ന രണ്ട് വാഹനങ്ങളുടെയും നാല് ചിത്രങ്ങള്‍ എടുത്ത് മെട്രാഷ്-2 വഴി ഗതാഗത ഡയറക്ടറേറ്റിലെ അന്വേഷണ ഓഫീസിലേക്ക് അയക്കണം. അപകടത്തില്‍പ്പെട്ട ഏതെങ്കിലും ഒരാളുടെ മൊബൈൽ ഫോണിൽ നിന്ന് വേണം ഇത് അയക്കേണ്ടത്. മെട്രാഷിലേക്ക് അപകടം റിപ്പോര്‍ട്ട് ചെയ്യുന്ന ആള്‍ക്ക് ഉടന്‍ രണ്ടാമതൊരു സന്ദേശത്തിനായി കാത്തിരിക്കാനുളള നിർദ്ദേശം ലഭിക്കും. വാഹനത്തിന് അപകടം സംഭവിച്ചത് രണ്ടാമത്തെ വണ്ടിക്കാരന്റെ തെറ്റ് കൊണ്ടാണെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ പോകാനുളള സന്ദേശം എത്തും. റിപ്പോര്‍ട്ട് ചെയ്ത ആളിന്റെ തെറ്റുകൊണ്ടാണ് അപകടം സംഭവിച്ചതെങ്കില്‍ വാഹനം നന്നാക്കാനുളള അനുമതി നല്‍കി കൊണ്ടുളള സന്ദേശവും ലഭിക്കും.

Close