പ്രമോദ് മഹാജൻ… അകാലത്തിൽ പൊലിഞ്ഞ ശുക്രനക്ഷത്രം

ഷാബു പ്രസാദ്


പതിനൊന്ന് കൊല്ലം മുൻപ്‌ ഇതുപൊലൊരു മേയ്‌ മൂന്നിനു വൈകുന്നേരം കോഴിക്കോട്‌ നഗരത്തിലൂടെ ഒരു മൗന ജാഥ നടക്കുന്നു. ബിജെപിയുടെ കൊടിയോടൊപ്പം കറുത്ത കൊടികൂടി പിടിച്ച ആ ജാഥയുടെ മുൻ നിരയിലുണ്ടായിരുന്ന രത്നാകരേട്ടൻ കൈകൊണ്ട്‌ ആംഗ്യത്തിലൂടെ അറിയിച്ചു. പ്രമോദ്‌ മഹാജൻ പോയി…

പതിമൂന്ന് ദിവസം മുൻപാണു സഹോദരൻ പ്രവീണിന്റെ വെടിയേറ്റ്‌ മഹാജൻ ഗുരുതരാവസ്ഥയിലായത്‌. അവസാനനിമിഷം വരെ അദ്ദേഹം രക്ഷപെടും എന്ന പ്രതീക്ഷയുണ്ടായിരുന്നു.

പിറ്റേ ദിവസത്തെ മാതൃഭൂമിയുടെ എഡിറ്റോറിയൽ പേജിലെ ടിവിആർ ഷേണായിയുടെ ലേഖനത്തിലെ ചില വരികൾ.

“അനുജൻ വന്ന് വാതിലിൽ മുട്ടുമ്പോൾ കതക്‌ തുറക്കുന്ന വീട്ടമ്മ. അകത്തേക്ക്‌ സ്നേഹപൂർവ്വം ക്ഷണിച്ച്‌ ചായ എടുക്കാൻ പോകുന്നു. സോഫയിൽ പത്രം വായിച്ച്‌ കൊണ്ടിരുന്ന ഗ്രഹനാഥൻ. ഇവനെ ഇങ്ങോട്ട്‌ കേറ്റരുത്‌ എന്ന് ഞാൻ പറഞ്ഞിട്ടില്ലേ എന്ന് കയർത്ത ഭർത്താവിന്റെ മുൻപിൽ ധർമ്മസങ്കടത്തോടെ ആ പാവം സ്ത്രീ. തന്നെ അവഗണിക്കുന്ന ജ്യേഷ്ഠനോട്‌ കയർത്ത്‌ സംസാരിച്ച അനുജൻ. ഇനി നീയെന്റെ കൺമുൻപിൽ വരരുത്‌ എന്ന് പറഞ്ഞപ്പോൾ കയ്യിൽ കരുതിയിരുന്ന റിവോൾവർ എടുത്ത്‌ വെടിവെച്ച്‌ വീഴ്ത്തുന്നു.”

ഏതൊരു അതിസാധാരണ ഇടത്തരം കുടുംബത്തിലും സംഭവിച്ചേക്കാവുന്ന ഈ രംഗം അരങ്ങേറിയത്‌ ഇന്ത്യയിലെ ഏറ്റവും ഹൈ വോൾട്ടേജ്‌ രാഷ്ട്രീയക്കാരനായ, പേര് കേട്ട കേന്ദ്ര മന്ത്രിയായിരുന്ന, അദ്വാനി-വാജ്പേയി ദ്വന്ദത്തിനു ശേഷം ബിജെപിയിലെ അവസാന വാക്കായിരുന്ന, ഇന്ത്യയിൽ മൊബൈൽ വിപ്ലവത്തിനു ചുക്കാൻ പിടിച്ച, ഉഗ്രപ്രതാപിയായ പ്രമോദ്‌ മഹാജന്റെ മുംബൈയിലെ 900 സ്ക്വയർ ഫീറ്റ്‌ ഫ്ലാറ്റിലായിരുന്നു.

പ്രതിപക്ഷം ഒരുപാട്‌ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച, അംബാനി കുടുംബത്തിന്റെ അടുത്ത ആളെന്ന് ആക്ഷേപിക്കപ്പെട്ട, ടെക്നോളജിയുടെ കടുത്ത ആരാധകനായിരുന്ന പ്രമോദ്‌ മഹാജന്റെ ആകെ സമ്പാദ്യം ലോണെടുത്ത്‌ വാങ്ങിയ ആ 900 സ്ക്വയർ ഫീറ്റ് ഫ്ലാറ്റ്‌ മാത്രമായിരുന്നു എന്ന് ലോകമറിയുന്നത്‌ ആ വെടിയൊച്ചക്ക് ശേഷം.

തന്റെ സഹോദരിയെ സതീർത്ഥ്യനായ ഗോപിനാഥ്‌ മുണ്ടെക്ക്‌ ഇഷ്ടമായിരുന്നു എന്നറിഞ്ഞ നിമിഷം എല്ലാ ജാതിവിലക്കുകളേയും മറികടന്ന് പിന്നോക്കക്കാരനായ അദ്ദേഹത്തിനു വിവാഹം ചെയ്ത്‌ കൊടുത്ത മഹാജൻ തന്റെ രാഷ്ട്രീയ പദവി കുടുംബമോ ബന്ധുക്കളോ ഒരു തരത്തിലും ദുരുപയോഗം ചെയ്യാൻ അനുവദിച്ചിരുന്നില്ല. മരിക്കുന്നതിനു മൂന്ന് വർഷം മുൻപ്‌, കേന്ദ്രമന്ത്രിയായിരിക്കെ മകൾ പൂനം മഹാജന്റെ വിവാഹം ഇതേ ഫ്ലാറ്റിൽ നടത്തിയപ്പോൾ പങ്കെടുത്തത്‌ നൂറിൽ താഴെ മാത്രം ആൾക്കാർ. സൽക്കാരത്തിനു ചായയും ലഘുഭക്ഷണവും.

കുടുംബത്തിലെ മുടിയനായ പുത്രൻ, അനുജൻ പ്രവീണിനെ നന്നാക്കാനും നേർവഴിക്ക്‌ നടത്താനുമൊക്കെ ഒരുപാട്‌ ശ്രമിച്ച്‌ പരാജയപ്പെട്ട ഒരു ജ്യേഷ്ഠന്റെ സങ്കടവും രോഷവുമൊക്കയാണു ആ ദുരന്തദിനത്തിൽ അദ്ദേഹം പ്രകടിപ്പിച്ചത്‌. ഉയർന്ന പദവിയിലിരിക്കുന്ന ജ്യേഷ്ഠൻ സഹായിക്കുന്നില്ല, ഒന്നുമാകാൻ കഴിഞ്ഞില്ല എന്ന കോമ്പ്ലക്സ്‌ എല്ലാം കൂടിയുണ്ടാക്കിയ മാനസികാവസ്ഥയിൽ പ്രവീൺ മഹാജൻ നിറയൊഴിക്കുകയായിരുന്നു.

ജീവിച്ചിരുന്നപ്പോൾ ഒരിക്കൽ പോലും മക്കളെയോ ബന്ധുക്കളേയൊ രാഷ്ട്രീയത്തിലിറങ്ങാൻ അദ്ദേഹം അനുവദിച്ചിരുന്നില്ല. മരണശേഷം ഗോപിനാഥ്‌ മുണ്ടെയുടെ സ്നേഹപൂർവ്വമായ നിർബന്ധത്തിനു വഴങ്ങിയാണ് പൂനം യുവമോർച്ചയിൽ പ്രവർത്തിച്ച്‌ തുടങ്ങിയത്‌. അവരിപ്പോൾ ലോക്സഭയിലെ ബിജെപിയുടെ തീപ്പൊരി വനിതയാണ്. ഒപ്പം യുവമോർച്ചയുടെ ദേശീയ അദ്ധ്യക്ഷയും.

ഉന്നതമായ രാഷ്ട്രീയ പദവികളുടെ എല്ലാ പ്രതാപവുമുണ്ടായിരുന്നെങ്കിലും അടിസ്ഥാനപരമായി പഴയ സംഘപ്രചാരകന്റെ ആദർശ്ശ നിഷ്ഠയും ലാളിത്യവും ഒരു കെടാവിളക്കായി കൊണ്ടുനടന്നിരുന്നു അദ്ദേഹം. അത്‌ തിരിച്ചറിയപ്പെടാൻ രംഗബോധമില്ലാത്ത കോമാളിയുടെ വരവ്‌ വേണ്ടിവന്നു എന്നുമാത്രം.

“1998 ഡിസംബറിൽ ബിജെപി വൻ വിജയം നേടിയ നിയമ സഭാ തെരഞ്ഞെടുപ്പുകൾക്ക്‌ ശേഷം തന്ത്രങ്ങൾക്ക്‌ ചുക്കാൻ പിടിച്ച പ്രമോദ്‌ മഹാജനെ പ്രണോയ്‌ റോയ്‌ ഇന്റർവ്വ്യൂ ചെയ്യുകയാണ്. താങ്കൾക്കെന്താണ് മഹാജൻ ഒരു ആഹ്ലാദമില്ലാത്തത്‌ എന്ന റോയിടെ ചോദ്യം.

എനിക്ക്‌ ആഹ്ലാദമല്ല ആശങ്കയാണു. വിജയം സന്തോഷിപ്പിക്കുന്നു. പക്ഷേ ഇത്‌ നിലനിയത്തുക എന്നതാണു പ്രധാനം. പരാജയം മാത്രമല്ല വിജയവും വിശകലനം ചെയ്യപ്പെടണം…”

നാലുമാസങ്ങൾക്ക്‌ ശേഷം ബിജെപി തോറ്റമ്പിയ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം പക്ഷേ അദ്ദേഹം സന്തോഷവാനായാണ് ക്യാമറകൾക്ക്‌ മുൻപിൽ വന്നത്‌. ആശങ്കപ്പെട്ടത്‌ സംഭവിച്ചു എന്നായിരിക്കുമോ അപ്പോൾ അദ്ദേഹം ചിന്തിച്ചത്‌.

ഒരു സംഘഗണഗീതത്തിലെ വരികളാണപ്പോൾ ഓർമ്മ വന്നത്‌..

“ധീമാനുണ്ടോ സുഖദുഖങ്ങളിൽ
ആടുകയഥവാ വാടുകയോ”

ആരുണ്ടായാലുമില്ലെങ്കിലും ആദർശ്ശത്തിന്റെ രഥത്തിനു മുന്നേറിയല്ലേ പറ്റൂ. പ്രമോദ്‌ മഹാജൻ ഒഴിച്ചിട്ട ശൂന്യതയിലേക്ക്‌ കടന്നു വരാൻ അപ്പോഴേക്കും ഗുജറാത്തിൽ ഒരു കൊടുങ്കാറ്റ്‌ രൂപം കൊണ്ട്‌ കഴിഞ്ഞിരുന്നു.

“ഒന്നിച്ച്‌ പോന്നവരിടക്ക്‌ മടങ്ങിയേക്കാം
നന്നെന്ന് വാഴ്തിയവർ നാളെ മറിച്ച്‌ ചൊല്ലാം
തന്നുറ്റ ബാന്ധവർ തളർന്ന് നിലം പതിക്കാം
എന്നാൽ ജപിക്ക പരിപാവന സംഘ മന്ത്രം”

Close