മധുരച്ചോറ് – ബസ്മതി അരി

“അരിയാഹാരം കഴിക്കുന്നവരാ മലയാളികൾ.” ഏറെ പ്രശസ്തമായ ഒരു വാചകമാണിത്. അരി ഒഴിവാക്കിയുള്ള ഭക്ഷണരീതി മലയാളികൾക്കില്ല തന്നെ. എന്നാൽ, ദഹനത്തിനും, ആരോഗ്യത്തിനും ഗുണപ്രദമായ രീതിയിലാണോ മലയാളികളുടെ അരിയാഹാരക്രമം എന്നത് ചിന്തിക്കേണ്ട വിഷയമാണ്. ആയുർവേദവിധി പ്രകാരം പകുതി വേവിച്ചതും, ഒന്നിലേറെ തവണ ചൂടാക്കിയതുമായ അരിയാഹാരം അഥവാ ചോറ് ദോഷം ചെയ്യുന്നവയാണ്. എല്ലാ ധാന്യങ്ങളിലും എന്നതുപോലെ അരിയിലും അടങ്ങിയിട്ടുള്ള “പ്രാണൻ” ഒന്നിലേറെ തവണ ചൂടാക്കുന്നതുകൊണ്ട് ഇല്ലാതാവുന്നു.

ആയതിനാൽ, പോഷകഗുണം കുറയുന്നു. തിരക്കേറിയ ജീവിത സാഹചര്യങ്ങളിൽ ഈ ആഹാരരീതി മലയാളികൾക്ക് ഒഴിവാക്കാനും വയ്യ.
കാര്യമെന്ത് തന്നെയായാലും കുത്തരി, പച്ചരി, ബസ്മതി തുടങ്ങിയവയെല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഇവയിൽ ബസ്മതി അരി ഏറെ സാത്വിക ഗുണം ഉള്ളതാണെന്ന് ആയുർവേദം പറയുന്നു. പഴക്കം ചെന്ന ബസ്മതി അരി ഏറെ ഗുണവും, സുഗന്ധവും ഒത്തുചേർന്ന ഒന്നാംതരം ധാന്യമാണ്. പല പ്രശസ്ത

ബ്രാൻഡുകളും അവരുടെ ബസ്മതി അരിയുടെ പഴക്കം കൂടി ഇപ്പോൾ പരസ്യത്തിൽ ഉപയോഗിക്കുന്നു. കുട്ടികൾക്കും, മുതിർന്നവർക്കും ഏറെ ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണം ആണ് ഇനി പരിചയപ്പെടുത്തുന്നത്. ബസ്മതി അരി പ്രധാനമായും ഉപയോഗിക്കുന്ന ഈ “സ്വീറ്റ് റൈസ്” എങ്ങിനെ പാകം ചെയ്യാം എന്നൊന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങൾ

1. ബസ്മതി അരി – 3/4 കപ്പ്
2. തൊലിയോടുകൂടിയ വിടർത്തിയ ചെറുപയർപരിപ്പ് – 1 / 2 കപ്പ്
3. പൊടിച്ച ശർക്കര അല്ലെങ്കിൽ ബ്രൗൺ ഷുഗർ – 3 / 4 കപ്പ്
4. ജാതിക്ക – ഒന്ന്
5. ഏലക്ക – 1 / 2 ടീസ്പൂൺ
6. കശുവണ്ടി (ചതച്ചത്) – 1 / 3 കപ്പ്
7. ഉണക്ക മുന്തിരി – 1 / 3 കപ്പ്
8. നെയ്യ് – 2 ടേബിൾസ്പൂൺ
9. കുങ്കുമപ്പൂ – 2 അല്ലി (1 ടേബിൾസ്പൂൺ പാലിൽ കുതിർത്തത്)

പാകം ചെയ്യുന്ന വിധം

ബസ്മതി അരിയും, ചെറുപയർ പരിപ്പും കഴുകി വൃത്തിയാക്കി 3 കപ്പ് വെള്ളത്തിൽ വേവിക്കുക. അതിലേക്ക് ശർക്കര/ ബ്രൗൺ ഷുഗർ, പാലിൽ കുതിർത്ത കുങ്കുമപ്പൂ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. അരി പാത്രത്തിൽ ഒട്ടി പിടിക്കാത്ത വിധം നന്നായി ഇളക്കണം. ശർക്കര/ ബ്രൗൺ ഷുഗർ നന്നായി യോജിക്കുന്നത് വരെ തീ കുറച്ച് ഇളക്കി കൊടുക്കുക. മറ്റൊരു പാത്രത്തിൽ നെയ്യ് ഒഴിച്ച് ചൂടാക്കി, കശുവണ്ടിയും, ഉണക്കമുന്തിരിയും മൂപ്പിച്ചെടുക്കുക. അതിലേക്ക് ജാതിക്കായും, ഏലക്കായും പൊടിച്ചത് ചേർക്കുക.  ഇത്, വേവിച്ചു വെച്ചിരിക്കുന്ന അരിയിൽ ചേർത്ത് നന്നായി യോജിപ്പിക്കുക. ചൂടോടെ വിളമ്പുക.

Shares 106
Close