ദേശത്തിന്റെ കവി

“വിളക്കിന്റെ പ്രകാശത്തിനു നന്ദി പറയുക; എന്നാൽ നിഴലിൽ ക്ഷമയോടെ വിളക്കു പിടിച്ചു നിൽക്കുന്ന ആളെ മറക്കാതിരിക്കയും ചെയ്യുക“ ( ടാഗോർ )

ഭാരതത്തിന്റെയും ബംഗ്ലാദേശിന്റെയും ദേശീയഗാനങ്ങളുടെ കർത്താവ് , നോബൽ സമ്മാനം ലഭിച്ച ആദ്യ ഏഷ്യാക്കാരൻ , സാമൂഹ്യ പരിഷ്കർത്താവ് , തത്വചിന്തകൻ , കഥാകാരൻ , നോവലിസ്റ്റ് , ചിത്രകാരൻ , സംഗീതജ്ഞൻ , സ്വാതന്ത്ര്യ സമര നായകൻ തുടങ്ങി നിരവധി വിശേഷണങ്ങൾക്കർഹനായ ‘ഗുരുദേവ് ‘ രബീന്ദ്ര നാഥ ടാഗോറിന്റെ നൂറ്റിയൻപത്തിയാറാം  ജന്മവാർഷിക ദിനമായ ഇന്ന് രാഷ്‌ട്രം അദ്ദേഹത്തിന്റെ ഓർമ്മകൾക്കു മുന്നിൽ പ്രണാമമർപ്പിക്കുന്നു .

ദൈവത്തിനിനിയും മനുഷ്യനെ മടുത്തിട്ടില്ലെന്ന സന്ദേശവുമായിട്ടാണ് ഓരോ ശിശുവും ഭൂമിയിലെത്തുന്നത് എന്ന് പ്രഖ്യാപിച്ച ടാഗോർ എരിവെയിലിലും പെരുമഴയത്തും പണിചെയ്യുന്നവർക്കൊപ്പമാണ് ദൈവമെന്നും ഉദ്ഘോഷിച്ചു . യഥാർത്ഥ മനുഷ്യ സ്നേഹിയും ‘യത്ര വിശ്വം ഭവത്യേക നീഢം‘ എന്ന ഭാരതീയ പാരമ്പര്യത്തെ മുറുകെ പിടിച്ച് വിശാലമായ രാഷ്‌ട്ര ചിന്ത പുലർത്തിയ മഹാനുമായിരുന്നു ടാഗോർ . ഗാന്ധിജിക്ക് ‘മഹാത്മാ‘ എന്ന വിശേഷണം നൽകിയതും ടാഗോറാണ് .

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് സർക്കാർ സമ്മാനിച്ച നൈറ്റ് ഹുഡ് പട്ടം വലിച്ചെറിഞ്ഞ ടാഗോർ മനുഷ്യത്വത്തിനു തന്നെ അപമാനമായ ഇത്തരം പ്രവർത്തികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു 1861 ൽ കൊൽക്കത്തയിൽ ദേബേന്ദ്ര നാഥ ടാഗോറിന്റെയും ശാരദാ ദേവിയുടെയും മകനായാണ് ടാഗോർ ജനിച്ചത് . സാഹിത്യത്തിലും രാഷ്‌ട്ര സേവനത്തിലും തത്പരരായിരുന്നു ടാഗോർ കുടുംബം . ബംഗാളിലെ നവോത്ഥാന കാലഘട്ടം ടാഗോറിനെയും കാര്യമായി സ്പർശിച്ചിരുന്നു .

8-ം വയസ്സിലാണ് ആദ്യ കവിത പുറത്തുവരുന്നത് . പതിനാറാം വയസ്സിൽ ഭാനുസിംഹൻ എന്ന തൂലികാ നാമത്തിൽ കവിതാസമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടു . പിന്നീട് , മൂവായിരത്തിലധികം കവിതകളടങ്ങിയ നൂറോളം കവിതാ സമാഹാരങ്ങൾ , അൻപത് നാടകങ്ങൾ , രണ്ടായിരത്തോളം ഗാനങ്ങൾ , തത്വചിന്താപരമായ ലേഖനങ്ങൾ , എട്ടോളം നോവലുകൾ തുടങ്ങി വിശാലമായ സാഹിത്യസഞ്ചയം തന്നെ ടാഗോർ സൃഷ്ടിച്ചു .

സംഗീതത്തിൽ ‘രബീന്ദ്ര സംഗീതം‘ എന്ന സവിശേഷ ശൈലി വാർത്തെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു .അതിരുകളില്ലാത്ത ലോകദർശനം സാദ്ധ്യമാക്കുക എന്ന ആർഷ സംസ്കാരം നടപ്പിൽ വരുത്താൻ ആഗ്രഹിച്ച് വിശ്വഭാരതി എന്ന സർവകലാശാല അദ്ദേഹം ശാന്തിനികേതനിൽ സ്ഥാപിച്ചു . ടാഗോറിന്റെ കൃതികൾ ലോകത്തിലെ വിവിധ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട് . ലോക പ്രശസ്തരായ പല ചിന്തകന്മാരും എഴുത്തുകാരും ടാഗോർ കൃതികളാൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ട് .

Shares 257
Close