റാൻസം‌വെയർ : പിന്നിൽ അമേരിക്കയാണെന്ന് റഷ്യ

മോസ്കോ : ലോകത്തെ ഒന്നടങ്കം ഭീതിയിലാക്കിയ റാൻസംവെയർ ആക്രമണത്തിൽ അമേരിക്കയെ പ്രതിക്കൂട്ടിലാക്കി റഷ്യ. സൈബർ ആക്രമണത്തിന് പിന്നിൽ അമേരിക്കയാണെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമർ പുടിൻ ആരോപിച്ചു. ചാരപ്രവർത്തനത്തിനായി അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം വികസിപ്പിച്ചെടുത്ത സോഫ്‍റ്‍റ്വെയർ ഉപയോഗിച്ചാണ് മറ്‍റ് രാജ്യങ്ങളിൽ ആക്രമണം നടത്തുന്നതെന്നും പുടിൻ കുറ്‍റപ്പെടുത്തി.

ലോകത്താകെ ആശങ്കയിലാക്കിയ സൈബർ ആക്രമണത്തിൽ അമേരിക്കയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് റഷ്യയുടെ ഇടപ്പെടൽ. . ഇത്തരം ആക്രമണം നുഴഞ്ഞ് കയറ്‍റത്തിന് സമാനമാണെന്നും തനിച്ച് പ്രതിരോധിക്കാനാകില്ലെന്നും പുടിൻ പറഞ്ഞു. ആഭ്യന്തര സുരക്ഷയ്ക്കുപോലും ഭീഷണിയാകുന്ന അമേരിക്കൻ നീക്കത്തിന് അടിയന്തരമായി കൂച്ച് വിലങ്ങിടണം.

വിഷയം അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്ത് വേണ്ട നടപടിയെടുക്കണമെന്നും പുടിൻ ആവശ്യപ്പെട്ടു. ചൈനയിൽ നടക്കുന്ന സാമ്പത്തിക സമ്മേളത്തിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ദിവസങ്ങളായി തുടരുന്ന സൈബർ ആക്രമണത്തിനു കാരണം അമേരിക്കയാണെന്ന ഗുരുതര ആരോപണവുമായി മൈക്രോസോഫ്റ്‍റ് നേരത്തെ രംഗത്ത് വന്നിരുന്നു.

Close