കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ ബിജു കൊല്ലപ്പെട്ടതിന് പിന്നാലെ ജില്ലയിൽ സിപിഎം പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തിയതിന്റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെതിരെ കേസെടുത്തു.
കണ്ണൂർ ടൗൺ പോലീസാണ് കുമ്മനത്തിനെതിരെ കേസെടുത്തത്.
കുമ്മനത്തിന്റെ പോസ്റ്റ് നിയമവിരുദ്ധമാണെന്നും അത് പരിശോധിച്ച് കേസെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു.
അതേസമയം, സിപിഎമ്മുകാർ ആഹ്ലാദ പ്രകടനം നടത്തിയെന്ന വാദത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് ബിജെപി അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. താൻ ട്വീറ്റ് ചെയ്ത വീഡിയോയിൽ സിപിഎം ആഹ്ലാദ പ്രകടനത്തിന്റെ ദൃശ്യങ്ങൾ തന്നെയാണ്. ട്വീറ്റിൽ ഉറച്ച് നിൽക്കുന്നു.
കണ്ണൂരിൽ പതിനാലിടത്താണ് ആഹ്ലാദ പ്രകടനങ്ങൾ നടന്നത്. ഇതുമായി ബന്ധപ്പെട്ട് എത് നിയമനടപടിയും നേരിടാൻ തയ്യാറാണെന്നും കുമ്മനം പ്രതികരിച്ചു.
കഴിഞ്ഞ മെയ് 12 നാണ് ആർ.എസ്.എസ് മണ്ഡൽ കാര്യവാഹ് ബിജുവിനെ സിപിഎമ്മുകാർ കൊലപ്പെടുത്തിയത്. പയ്യന്നൂരിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവായിരുന്ന ധനരാജിന്റെ കൊലപാതകക്കേസിൽ പ്രതിചേർത്താണ് നേരത്തെ നോട്ടപ്പുള്ളിയായിരുന്ന ബിജുവിനെ സിപിഎം ക്രൂരമായി കൊലപ്പെടുത്തിയത്.