കുൽഭൂഷണ് അച്ഛേദിൻ : ഭാരതത്തിന് നയതന്ത്ര വിജയം

ന്യൂഡൽഹി :  അന്താരാഷ്ട്ര നീതി ന്യായ കോടതിയിൽ കുൽഭൂഷൺ ജാദവിന്റെ കേസ് വാദിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് വിജയകരമായ പരിസമാപ്തിയാണ് കോടതി വിധിയോടെ ഉണ്ടായിരിക്കുന്നത് . ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് കുൽഭൂഷൺ ജാദവിനെ വധിക്കാനുള്ള പാക് തീരുമാനത്തിന് മേൽ നയതന്ത്രപരമായി ഉജ്ജ്വല വിജയമാണ് ഇതോടെ ഇന്ത്യ നേടിയത് . വെറും ഒരു രൂപ ശമ്പളത്തിൽ രാജ്യത്തിനു വേണ്ടി കേസ് വാദിച്ച പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവേക്കും ഇത് അഭിമാന നിമിഷം .

2016 മാർച്ച് മൂന്നിനാണ് ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് കുൽഭൂഷൺ ജാദവിനെ പാകിസ്ഥാൻ അറസ്റ്റ് ചെയ്തത്. ജാദവിന്റെ കുറ്റസമ്മതമൊഴി പാകിസ്ഥാൻ ലൈവായി കാണിച്ചിരുന്നു . താൻ റോയുടെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കുന്ന നാവിക ഉദ്യോഗസ്ഥാനാണെന്നായിരുന്നു ജാദവിന്റെ മൊഴി. ഇറാൻ കേന്ദ്രമായി പ്രവർത്തിച്ച ജാദവ് ഇടയ്ക്ക് പാക് അതിർത്തിക്കുള്ളിൽ കടന്ന് ചാര പ്രവർത്തനങ്ങൾ നടത്തിയെന്നും പാകിസ്ഥാൻ ആരോപിച്ചു . എന്നാൽ ഇത് ഇന്ത്യ അംഗീകരിച്ചില്ല.

മൂന്നര മാസത്തെ വിചാരണയ്ക്ക് ശേഷം 2017 ഏപ്രിൽ 10 നാണ് ജാദവിന്റെ വധശിക്ഷ പ്രഖ്യാപിച്ചത് .ജാദവുമായി നയതന്ത്ര ബന്ധം അനുവദിക്കണമെന്ന ഇന്ത്യയുടെ അഭ്യർത്ഥന പാകിസ്ഥാൻ നിരന്തരം നിഷേധിച്ചിരുന്നു. കുറ്റപത്രവും വിധിപ്പകർപ്പും നൽകണമെന്നുള്ള ആവശ്യവും പാകിസ്ഥാൻ അംഗീകരിച്ചില്ല.

ജാദവിനെ പാകിസ്ഥാൻ ഇറാനിൽ നിന്ന് തട്ടിക്കൊണ്ട് പോകുകയായിരുന്നെന്നും റോ ഏജന്റാണെന്ന് ആരോപിച്ച് വിചാരണ ചെയ്യുകയായിരുന്നെന്നും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയിൽ പറഞ്ഞു. കുൽഭൂഷണിന്റെ വധശിക്ഷ നടപ്പാക്കുക്കയാണെങ്കിൽ അത് മുൻകൂട്ടി തീരുമാനിച്ച കൊലപാതകമായി ഇന്ത്യ കണക്കിലെടുക്കുമെന്ന ശക്തമായ പ്രസ്താവനയുമായി വിദേശ കാര്യമന്ത്രി സുഷമ സ്വരാജും രംഗത്തെത്തി.

തുടർന്ന് മെയ് എട്ടാം തീയതി അന്താരാഷ്ട്രനീതിന്യായ കോടതിയെ സമീപിച്ച ഇന്ത്യ മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ ഹരീഷ് സാൽവേയെ കുൽഭൂഷണിന് വേണ്ടി വാദിക്കാൻ നിയമിച്ചു . വിചാരണ സ്വതന്ത്രമായിരുന്നില്ലെന്നും നിയമസഹായം നൽകാൻ ഇന്ത്യയെ അനുവദിച്ചില്ലെന്നും കോടതിയിൽ സാൽവേ വാദിച്ചു . ഇത് വിയന്ന ഉടമ്പടിയുടെ ലംഘനമാണെന്നും സാൽവേ ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര കോടതിയ്ക്ക് കേസിൽ ഇടപെടാൻ അധികാരമില്ലെന്നായിരുന്നു പാകിസ്ഥാന്റെ വാദം.ചാരനായതിനാൽ ജാദവിന് വിയന്ന കൺവെൻഷന്റെ പരിരക്ഷ ലഭിക്കെന്നും പാകിസ്ഥാൻ വ്യക്തമാക്കി .എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല .ജാദവിന്റെ കുറ്റസമ്മത മൊഴി കാണാനും കോടതി വിസമ്മതിച്ചു .

തിങ്കളാഴ്ചയോടെ ഇന്ത്യയുടേയും പാകിസ്ഥാന്റെയും വാദം പൂർത്തിയായി . ഇന്ന് വിധി പറഞ്ഞ കോടതി ഇന്ത്യയുടെ വാദങ്ങൾ അംഗീകരിച്ച് കുൽഭൂഷൺ ജാദവിന്റെ വധം അടിയന്തിരമായി തടയുകയായിരുന്നു .

Close