കൊച്ചിയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് ഫിഫയുടെ പച്ചക്കൊടി

കൊച്ചി :  കൊച്ചിയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് ഫിഫയുടെ പച്ചക്കൊടി. കൊച്ചി ജവഹര്‍ ലാല്‍ നെഹ്രു സ്റ്റേഡിയത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ സംതൃപ്തിയറിയിച്ച് ഫിഫ.ഫിഫ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അവസാന ഘട്ട സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തിയത്.

അണ്ടര്‍ പതിനേഴ് ലോകകപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങളില്‍ പൂര്‍ണ സംതൃപ്തിയാണ് ഫിഫ സംഘത്തിനുള്ളത്.ഇന്ന് രാവിലെമുതല്‍ ഫിഫ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പിയുടെ നേതൃത്വത്തിലുള്ള സംഘം വിവിധ പരിശീലന മൈതാനങ്ങള്‍  സന്ദര്‍ശിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലെ സന്ദര്‍ശനം. സംഘാടകരുമായി പ്രത്യേക യോഗവും ഫിഫ സംഘം നടത്തി. യോഗത്തില്‍ ഹാവിയര്‍ സെപ്പിക്ക് പുറമെ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള, ടൂര്‍ണമെന്റ് നോഡല്‍ ഓഫിസര്‍ മുഹമ്മദ് ഹനീഷ് എന്നിവരും പങ്കെടുത്തു.

സുരക്ഷ കണക്കിലെടുത്ത് കാണികളുടെ എണ്ണത്തിലെ നിയന്ത്രണം കൃത്യമായിരിക്കുമെന്ന് ഹാവിയര്‍ സെപ്പി വ്യക്തമാക്കി. ഐഎസ്എല്ലിലുള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകള്‍ മതിയായ സുരക്ഷയില്ലാതെയാണ് നടന്നതെന്നും ലോകകപ്പില്‍ ഇത് അംഗീകരിക്കാനാകില്ലെന്നും സെപ്പി കൂട്ടിച്ചേര്‍ത്തു.ക്വാര്‍ട്ടര്‍ ഫൈനലുള്‍പ്പെടെ ഒമ്പത് മത്സരങ്ങള്‍ക്കാണ് ടൂര്‍ണമെന്റില്‍ കൊച്ചി വേദിയാകുക.  നാല്‍പ്പത്തൊന്നായിരത്തി ഒരുനൂറ്റി നാല്‍പ്പത്തെട്ട് പേര്‍ മാത്രമായി സ്റ്റേഡിയത്തിലെ കാണികളുടെ എണ്ണവും നിജപ്പെടുത്തിയിട്ടുണ്ട്.

Close