ലേസർ മതിലുകൾ ഉടൻ പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി :   ഇന്ത്യ-പാകിസ്ഥാന്‍ അതിർത്തിയിൽ അത്യാധുനിക ലേസർ മതിലുകളുടെ നിർമ്മാണം വരുന്ന ശൈത്യ കാലത്തിന് മുമ്പ് പൂർത്തിയാക്കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇതിനായി പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഗവേഷണ വിഭാഗം അടുത്തമാസം ആദ്യം ജമ്മു കശ്മീരിലേക്ക് തിരിക്കും. നുഴഞ്ഞുകയറ്‍റം തടയുന്നതിന്‍റെ ഭാഗമായുളള ‘കവച് ‘ എന്ന പദ്ധതി ഇസ്രയേൽ സഹായത്തോടെയാണ് നടപ്പാക്കുക.

അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റം പൂർണമായും തടയുക എന്നതാണ് ലക്ഷ്യം. സിസിടിവി , തെർമൽ ഇമേജ് സെൻസർ , രാത്രിക്കാഴ്ച നൽകുന്ന ക്യാമറ, ഭൂഗർഭ നിരീക്ഷണ സെൻസറുകൾ, ലേസർ വേലികൾ തുടങ്ങിയവ ഉൾപ്പെടുന്ന അത്യാധുനിക സംവിധാനമാണ് ഇതിന് ഉപയോഗിക്കുന്നത് .

എറ്റവും കൂടുതൽ നുഴഞ്ഞു കയറ്റം നടക്കുന്ന മേഖലയാണ് ഇന്ത്യ- പക് പടിഞ്ഞാറേ അതിർത്തി. ഇവിടുത്തെ വേലിയില്ലാത്ത മേഖലകളിൽ ലേസർ വേലി ഉപയോഗിക്കാനാണ് തീരുമാനം . ഏതെങ്കിലും ഒരു സംവിധാനം പരാജയപ്പെട്ടാലും നുഴഞ്ഞ് കയറ്റം കൃത്യമായി നിരീക്ഷിച്ച് കണ്ട്രോൾ റൂമിൽ വിവരങ്ങൾ നൽകാൻ മറ്റുള്ളവയ്ക്ക് കഴിയും എന്നതാണ് ഒരു ഗുണം. അഞ്ച് -ആറ് കിലോമീറ്ററിനുള്ളിൽ ഒരു കണ്ട്രോൾ റൂം ഉണ്ടാകും.

കിലോമീറ്ററിന് ഒരു കോടി രൂപയെങ്കിലും ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത് . പത്താൻകോട്ട് മോഡൽ ആക്രമണങ്ങൾക്കും മയക്കുമരുന്ന് കടത്തിനും ശക്തമായ തടയിടാൻ ഈ അഞ്ച് നിര സംവിധാനത്തിന് കഴിയും. സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായാണ് ഭാരതം  അതിർത്തി പൂർണമായും ബന്തവസ്സാക്കാൻ തീരുമാനിക്കുന്നത് .

Close