EntertainmentMovieNews

വീട്ടിൽ സാക്ഷി മാലിക് ഉണ്ടാകുന്നത് നിങ്ങളിഷ്ടപ്പെടുമോ ?

ശ്യാം ശ്രീകുമാർ മേനോൻ


“ഒരു ഇന്ത്യൻ പെൺകുട്ടിയ്ക്ക് എത്രത്തോളം സ്വപ്നം കാണാം? അതും ഒരു മദ്ധ്യവർത്തി കുടുംബത്തിലെ പെൺകുട്ടിയ്ക്ക്?”

‘ഗോദ’യിലെ അദിതി സിംഗ് ഭാരതത്തിലെ പുരുഷ കേന്ദ്രീകൃത വ്യവസ്ഥയോട് ചോദിക്കുന്ന ചോദ്യമാണിത്! അതിന്റെ ഉത്തരവും അവൾ തന്നെ പറയുന്നുണ്ട്:
“സ്വന്തം വീടുകളിൽ ഒരു സാക്ഷി മാലിക്ക് ഉണ്ടാവുന്നത് ഒരാളും ഇഷ്ടപ്പെടില്ല!”ഗുസ്തിയും, നർമ്മവുമാണ് ഗോദയെ മുന്നോട്ട് കൊണ്ടുപോകുന്നതെങ്കിലും, ആഴത്തിലേയ്ക്ക് വലിച്ചെറിഞ്ഞ കല്ല് പോലെ, അദിതിയുടെ ചോദ്യങ്ങൾ സിനിമയിലെ നിശബ്ദസാന്നിദ്ധ്യമാണ്

അറുപതുകളിൽ കേരളത്തിന്റെ ലഹരിയായിരുന്നു ഗാട്ടാഗുസ്തികൾ എന്ന് കേട്ടിട്ടുണ്ട്. ദാരാസിംഗും, കിംഗ് കോംഗും മാത്രമല്ല, ഇലക്ട്രിക് മൈതീനും, പോളച്ചിറ രാമചന്ദ്രനും, പട്ടം കേശവനും, ഇമാം ബക്ഷും കേരളത്തിന് ലഹരിയായിരുന്നു. ഇതേ പശ്ചാത്തലം പ്രമേയമാക്കി എൻ.പി.മുഹമ്മദിന്റെ ‘ഗോദ’ എന്ന് പേരുള്ള ഒരു നോവൽ പണ്ട് ലൈബ്രറികളിൽ അടയിരുന്ന കാലത്ത് വായിച്ചിട്ടുണ്ട്. പിന്നെപ്പിന്നെ തുറസായ ഗോദകൾ ഓലകെട്ടി മറച്ച ജിംനേഷ്യങ്ങൾക്ക് വഴി മാറി. അവിടുന്ന് മൾട്ടി ജിമ്മുകളിലേക്കും. കട്ടയുടച്ച് ഗോദയൊരുക്കിയിരുന്ന മൈതാനങ്ങൾ ഗവാസ്കറെയും, കപിൽ ദേവിനെയും, പിന്നെ സച്ചിനെയും, സേവാഗിനെയും സ്വപ്നം കാണുന്ന തലമുറകൾക്ക് വഴി മാറി.

ക്രിക്കറ്റിനപ്പുറം മറ്റു ചില കളികളുമുണ്ടെന്ന് മനസിലാക്കിത്തന്ന ഇന്ത്യൻ സ്പോർട്സ് സിനിമകൾക്കൊക്കെ ചുമൽ കൊടുക്കാൻ ഒരു ഖാൻ ഉണ്ടായിരുന്നു. 2007ലെ ടോപ് ഗ്രോസറുകളിലൊന്നായ ‘ചക് ദേ ഇന്ത്യ’യിൽ ഷാരൂഖ് ഖാനും, ‘സുൽത്താ’നിൽ സൽമാനും, ‘ദംഗലി’ൽ ആമിറും. എന്നാൽ ഇവരുടെ ആരുടെയും ബലമില്ലാതെ വാമിഖ ഗബ്ബി എന്ന നടിയുടെയും, രൺജി പണിക്കർ എന്ന ക്യാരക്ടർ ആർടിസ്റ്റിന്റെയും ചുമലുകൾ മതി, അതേ എനർജി ലെവലുള്ള ഒരു സിനിമയെടുക്കാൻ എന്ന് തെളിയിച്ചിരിക്കുകയാണ് ബേസിൽ ജോസഫ്.

സിനിമയുടെ ബലം മുകളിൽപ്പറഞ്ഞ രണ്ട് ആർടിസ്റ്റുകളും,അതിനൊപ്പം നിഗൂഢമായി ഒഴുകുന്ന തിരക്കഥയിലെ നർമ്മവുമാണ്. (ദാസ് വീട്ടിലേക്ക് കയറി വരുമ്പോൾ പശ്ചാത്തലത്തിൽ അമ്മ ഹിറ്റ്ലറുടെ ക്രൂരതകളെ പറ്റി പഠിപ്പിക്കുന്നത് ചിലരെങ്കിലും ശ്രദ്ധിച്ചു കാണണം)

വിഷ്ണു ശർമ്മയുടെ ക്യാമറാവർക്ക് ഗാട്ടാഗുസ്തിയുടെ പ്രിമൈസിനെ ശരിക്ക് കോംപ്ലിമെന്റ് ചെയ്യുന്നുണ്ട്. പ്രത്യേകിച്ച്, റസ്റ്റിക് ആയ, മണ്ണിന്റെ നിറമുള്ള ഫ്രെയ്മുകൾ.എങ്ങനെ പറഞ്ഞാലും ക്ലീഷേയായിത്തീരുന്ന കഥ ക്ലീഷേയാവാതെയെഴുതി എന്നിടത്താണ് രാകേഷ് മണ്ടോടിയുടെ ബ്രില്യൻസ് വ്യക്തമാവുന്നത്! കുഡോസ് ബ്രോ!

മസിൽ ആവോളമുണ്ടായിട്ടും, മസിലു പിടിയ്ക്കാതെ തന്നെ നർമ്മം ചെയ്ത ടൊവിനോയും നന്നായി (സിനിമയിലെ നായകൻ എന്ന് പറയാൻ പറ്റില്ലെങ്കിൽക്കൂടി) എങ്കിലും പടത്തിലെ താരങ്ങൾ അഞ്ച് പേരാണ് – ശ്ര‌ീ. രഞ്ജി പണിക്കർ, വാമിഖാ ഗബ്ബി, രാകേഷ് മണ്ടോടി, വിഷ്ണു, പിന്നെ തീർച്ചയായും ബേസിൽ ജോസഫ്!

എല്ലാവരും പോകേണ്ട ഒരു സ്ഥലം തന്നെയാണ് ‘ഗുരു ഹനുമാൻ അഖാഡ’

Close