പനീർ തോരൻ

പാലിനോടും, പാൽ ചേർത്ത ചായയോ കാപ്പിയോ പോലും താല്പര്യമില്ലാത്ത ധാരാളം പേരുണ്ട് നമുക്കിടയിൽ. എന്നാൽ വീടുകളിൽ സാധാരണ ഉണ്ടാക്കാറില്ലെങ്കിലും പനീർ (പാൽക്കട്ടി) ഉപയോഗിച്ചുള്ള ഭക്ഷണ സാധനങ്ങൾ പൊതുവിൽ ഏവർക്കും ഇഷ്ടമാണ്. പനീർ ടിക്ക, പനീർ മസാല, പാലക് പനീർ തുടങ്ങി ഹോട്ടൽ മെനുവിൽ പനീർ ഇപ്പൊ സർവസാധാരണമാണ്. പ്രോട്ടീൻ, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങി ആരോഗ്യത്തിന് ആവശ്യം വേണ്ടുന്ന പോഷകങ്ങളുടെ കലവറയാണ് പനീർ. എല്ലുകളുടെ ആരോഗ്യത്തിന് സഹായകരമായ പനീർ, അമിതവണ്ണവും, അമിതഭാരവും കുറക്കാൻ സഹായിക്കുന്നു.

ചപ്പാത്തി, ബ്രെഡ് എന്നിവയ്‌ക്കൊപ്പം കഴിക്കാൻ പറ്റുന്ന, രുചികരമായ പനീർ കൊണ്ടുള്ള ഒരു വിഭവം ഒന്ന് പരിചയപ്പെടാം. പനീർ തോരൻ, അഥവാ പനീർ ബുർജി.

അവശ്യമുള്ള വിഭവങ്ങൾ

പനീർ (ചിരവിയെടുത്തത്) – 200 ഗ്രാം
പോംഗ്രനേറ്റ് (അല്ലിയാക്കിയത്) – 200 ഗ്രാം
നെയ്യ് – 1 ടേബിൾ സ്പൂൺ
സവാള (അരിഞ്ഞത്) – 50 ഗ്രാം
വെളുത്തുള്ളി (അരിഞ്ഞത്) – 4 അല്ലി
തക്കാളി(അരിഞ്ഞത്) – 1
പച്ചമുളക് – 2 എണ്ണം
കാശ്മീരി മുളക് പൊടി – 1 / 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1 / 2 ടീസ്പൂൺ
ജീരകം (വറുത്ത് പൊടിച്ചത്) – 1 ടീസ്പൂൺ
നാരങ്ങാ പിഴിഞ്ഞത് – 1
കറിവേപ്പില
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

നെയ്യ് ചൂടാക്കി, സവാളയും, വെളുത്തുള്ളിയും വഴറ്റിയെടുക്കുക. അതിൽ അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളിയും പച്ചമുളകും, ആവശ്യത്തിന് ഉപ്പും  ചേർത്ത് യോജിപ്പിക്കുക. അതിലേക്ക് പനീർ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. മുളകുപൊടി, മഞ്ഞൾപ്പൊടി, ജീരകപ്പൊടി എന്നിവ ചേർത്ത് ജലാംശം പോകും വരെ വഴറ്റിയെടുക്കുക. നാരങ്ങാ നീരും, കറിവേപ്പിലയും ചേർത്ത് ചൂടോടെ ചപ്പാത്തി, ബ്രെഡ് എന്നിവയ്‌ക്കൊപ്പം കഴിക്കാം.

ജനം ടിവി – പ്രസാദം – വെജിറ്റേറിയൻ ഫുഡ് ഷോ – വെള്ളിയാഴ്ച രാത്രി 10 ന്

Shares 221
Close