എറണാകുളം: എറണാകുളം പുതുവൈപ്പില്‍ ഐഒസിയുടെ എല്‍പിജി പ്ലാന്റിനെതിരെ നടക്കുന്ന സമരം വീണ്ടും ശക്തമാകുന്നു.
സമരക്കാര്‍ക്കു നേരെ പോലീസ് ലാത്തിവീശി. ലാത്തിച്ചാര്‍ജില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.
എല്‍പിജി സംഭരണ കേന്ദ്രത്തിനെതിരെ പ്രതിഷേധ സമരം നടത്തുന്നവര്‍ പ്ലാന്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതാണ് പോലീസ് ലാത്തിച്ചാര്‍ജില്‍ കലാശിച്ചത്.
കഴിഞ്ഞ ദിവസം മന്ത്രി മേഴ്സിക്കുട്ടിയമ്മയുമായി നടത്തിയ ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പുകള്‍ തൊട്ടടുത്ത ദിവസം തന്നെ ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ വീണ്ടും പ്രതിഷേധവുമായി എത്തിയതും സമരം പുനരാരംഭിച്ചതും. മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് സമരക്കാര്‍ക്ക് അവസരം ഉണ്ടാക്കാമെന്നും അതുവരെ എല്‍പിജി പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാമെന്നുമാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ നല്കിയ ഉറപ്പുകള്‍. കൊച്ചി മെട്രൊയുടെ ഉദ്ഘാടന ചടങ്ങുകള്‍ക്കായി മുഖ്യമന്ത്രി എത്തുന്നേരം ചര്‍ച്ച നടത്താമെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. സമരസമിതിയും വരാപ്പുഴ അതിരൂപത ആക്ഷന്‍ കൗണ്‍സിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇന്നലെ ചര്‍ച്ച നടന്നിരുന്നില്ല.
പുതുവൈപ്പില്‍ ഐഒസിയുടെ എല്പിജിസംഭരണകേന്ദ്രത്തിനെതിരെയായി കഴിഞ്ഞ കുറേ നാളുകളായി നാട്ടുകാര്‍ പ്രക്ഷോഭത്തിലാണ്.