വാഷിങ്ടണ്‍: ത്രിരാഷ്ട്ര സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ട്രംപ് പ്രസിഡന്റായി അധികാരമേറ്റ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. യഥാര്‍ത്ഥ സുഹൃത്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നു എന്ന് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
അഞ്ച് മണിക്കൂറോളം നീളുന്ന കൂടിക്കാഴ്ചയില്‍ എച്ച്1 ബി വിസ നിയന്ത്രണവും വംശീയ അതിക്രമവും അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. സുപ്രധാനവും തന്ത്രപരവുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് മോദി സന്ദര്‍ശനത്തിന് പുറപ്പെടും മുമ്പേ വ്യക്തമാക്കിയിരുന്നു.
പ്രതിരോധം, തീവ്രവാദം, ഊര്‍ജ്ജം എന്നീ മൂന്നു വിഷയങ്ങളിലൂന്നിയാകും ചര്‍ച്ച. എച്ച്1 ബി വിസച്ചട്ടങ്ങള്‍ ട്രംപ് ഭരണകൂടം കടുപ്പിച്ചത് ഏറ്റവുമധികം ബാധിക്കുന്നത് ഇന്ത്യയെയാണ്. അതിനാല്‍ ഇക്കാര്യം ട്രംപിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന. ഇക്കാര്യത്തില്‍ ഇളവ് ലഭിച്ചാല്‍ അത് വലിയ നയതന്ത്ര നേട്ടമാകും.
മോദിയും ട്രംപും ഇതിനകം മൂന്നു തവണ ഫോണില്‍ സംഭാഷണം നടത്തിയിട്ടുണ്ട്. തീവ്രവാദ വിഷയത്തില്‍ പാകിസ്താനെതിരായ ട്രംപിന്റെ നിലപാട് ഇന്ത്യക്ക് അനുകൂലമാകും.
മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യക്ക് 22 അത്യാധുനിക ആളില്ലാ വിമാനങ്ങള്‍ വില്‍ക്കാനുള്ള കരാറിന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അനുമതി നല്കി. ആദ്യമായാണ് അമേരിക്കന്‍ സൈനിക സഖ്യമായ നാറ്റോക്ക് പുറത്തുള്ള ഒരു രാജ്യത്തിന് ഡ്രോണുകള്‍ നല്‍കുന്നത്.
ഒബാമ ഭരണകാലത്ത് ഇന്ത്യ അമേരിക്കയുമായി അടുത്ത ബന്ധമാണ് പുലര്‍ത്തിയത്. സഹകരണം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് ഇരുരാജ്യങ്ങളും താല്പര്യപ്പെടുന്നത്. ഇസ്ലാമിക ഭീകരതക്കെതിരായ ട്രംപിന്റെ കര്‍ക്കശ നിലപാടുകള്‍ പാക്കിസ്ഥാന് വിഷയത്തില്‍ ഇന്ത്യ പ്രതീക്ഷയോടെയാണ് കാണുന്നത്.
ഡ്രോണ്‍ കൈമാറ്റത്തിനുള്ള കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രതിരോധ രംഗത്ത് സഹകരണം ശക്തിപ്പെടുമെന്ന് നയതന്ത്രവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യന്‍ സമുദ്രത്തിലും അറബിക്കടലിലും ചൈനീസ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കരാര്‍ വേഗത്തിലാക്കാന്‍ നേരത്തെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
വാഷിംഗ്ടണിലാണ് മോദി ട്രംപ് കൂടിക്കാഴ്ച. മുന്‍പ് അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ സിലിക്കണ്‍ വാലിയിലും ന്യൂജഴ്സിയിലുമൊക്കെ വലിയ സ്വീകരണമാണ് മോദിക്ക് ഇന്ത്യന്‍ സമൂഹം നല്‍കിയത്.