കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പിന് മുന്നോടിയായി ഫിഫ സംഘം വീണ്ടും കൊച്ചിയില്‍ സന്ദര്‍ശനം നടത്തി.കൊച്ചിയില്‍ മത്സരിക്കുന്ന ടീമുകളിലെ രണ്ടു വീതം അംഗങ്ങളും സന്ദര്‍ശനത്തില്‍ പങ്കെടുത്തു. പരിശോധനയില്‍ പൂര്‍ണ തൃപ്തിയറിയിച്ചാണ് സംഘം മടങ്ങിയതെന്ന് സംഘാടകര്‍ അറിയിച്ചു.
ഫിഫ സംഘത്തോടൊപ്പം ബ്രസീല്‍, സ്പെയിന്, നൈജര്‍ ടീമുകളുടെ രണ്ടു വീതം പ്രതിനിധികളാണ് മത്സര വേദി പരിശോധിക്കാനെത്തിയത്. രാവിലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലാണ് സംഘം ആദ്യമെത്തിയത്. പരിശോധനയില്‍ വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ക്ക് പൂര്‍ണ തൃപ്തിയാണുള്ളതെന്ന് നോഡല്‍ ഓഫിസര്‍ മുഹമ്മദ് ഹനീഷ് അറിയിച്ചു.
പരിശീലന മൈതാനങ്ങളായ മഹാരാജാസ്, പനമ്പിള്ളി നഗര്‍, ഫോര്‍ട്ട്കൊച്ചി വെളി, പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളിലും ഫിഫ സംഘം പരിശോധന നടത്തി. പരിശീലന മൈതാനങ്ങളിലെ ജോലികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനും സംഘം നിര്‍ദേശം നല്കി.
കൊച്ചിയില്‍ മത്സരത്തിനിറങ്ങുന്ന ഉത്തരകൊറിയ, ജര്‍മനി ടീമുകളുടെ പ്രതിനിധികള്‍ അടുത്ത ദിവസം തന്നെ കൊച്ചിയില്‍ പരിശോധനയ്ക്കെത്തും. ഈ വര്‍ഷം ഒക്ടോബര്‍ ആറുമുതല്‍ 28 വരെയാണ് ടൂര്‍ണമെന്റ് നടക്കുക.