അനധികൃത താമസക്കാർക്കെതിരേ കർശന നടപടിയുമായി കുവൈറ്റ്

അനധികൃത താമസക്കാർക്കെതിരേ കർശന നടപടിയുമായി കുവൈറ്റ്. നിയമം തെറ്റിക്കുന്നവരെ കണ്ടെത്താൻ പരിശോധനാ നടപടികൾ ശക്തമാക്കും. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പിടിയിലായ 88 നിയമ ലംഘകരെ നാടുകടത്താനും തീരുമാനിച്ചു.

കുവൈറ്റിലെ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധനാ നടപടികൾ അധികൃതർ ശക്തമാക്കി. എല്ലാവരും സ്വന്തം സ്പോൺസറുടെ കീഴിൽ തന്നെ ജോലി ചെയ്യണമെന്നും, ഓടിപ്പോയി മറ്റിടങ്ങളിൽ ജോലി ചെയ്യുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും അറിയിപ്പിൽ പറയുന്നു. വിസ കാലാവധി കഴിയുംമുൻപ് അത് പുതുക്കേണ്ടതാണ്.

കൂടാതെ, തങ്ങളുടെ കീഴിലെ തൊഴിലാളി ഓടിപ്പോയാൽ സ്പോൺസ‍ർ എത്രയും വേഗം അക്കാര്യം റിപ്പോർട്ട് ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം, ഓടിപ്പോകുന്ന തൊഴിലാളികൾ പിന്നീട് പിടിക്കപ്പെടുമ്പോൾ സ്പോൺസർമാർക്കെതിരേയും നടപടിയുണ്ടാകുമെന്നും ബന്ധപ്പെട്ടവർ ഓർമ്മിപ്പിച്ചു. ആ സാഹചര്യമുണ്ടായാൽ പ്രസ്തുത സ്പോൺസറെ കരിമ്പട്ടികയിൽപ്പെടുത്തും. അങ്ങനെവന്നാൽ ഇവർക്ക് പിന്നീട് സ്പോൺസർ ചെയ്യാൻ സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

അൽ അഹമ്മദി ഗവർണ്ണറേറ്റിൽ ഇന്നലെ നടത്തിയ പരിശോധനയിലാണ് വിസ നിയമവും തൊഴിൽ നിയമവും തെറ്റിച്ച 88 പേരെ അറസ്റ്റ് ചെയ്തത്. ഇവരെ നാടുകടത്താനാണ് തീരുമാനം. ചൊദ്യംചെയ്യലിൽ സ്പോൺസറുടെ കീഴിലല്ല പലരും ജോലിചെയ്യുന്നതെന്ന് കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ മാർച്ചിൽ ജലീബ് അൽ ഷുയൂഖ് മേഖലയിൽ നടത്തിയ പരിശോധനയിൽ പിടിയിലായ 1053 പേരെ നാടുകടത്തിയിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ ഖയ്താൻ ഏര്യയിൽ നടത്തിയ പരിശോധനയിൽ അറസ്റ്റിലായ 1170 പേരെ നാടുകടത്തി. ഇതിൽ 218 പേർ വിസാ കാലാവധി കഴിഞ്ഞവരായിരുന്നു.

കുവൈറ്റിലുള്ള 34 ലക്ഷം പേരിൽ മൂന്നിൽ രണ്ടും വിദേശികളാണ്. വിദേശികളിൽ നല്ലൊരു പങ്കും ഏഷ്യക്കാരായ ഡ്രൈവർമാരും ഹെൽപ്പർമാരും അടങ്ങിയ അവിധഗ്ധ തൊഴിലാളികളാണ്.

Close