പുൽകോർട്ടിൽ വീണ്ടും ഫെഡറർ വസന്തം

വിംബിൾഡണിൽ പുതുചരിത്രം രചിച്ച് ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ. പുരുഷ സിംഗിൾസ് കലാശപ്പോരാട്ടത്തിൽ ക്രൊയേഷ്യൻ താരം മാരിൻ സിലിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയ സ്വിസ് താരം പുൽകോർട്ടിലെ എട്ടാം കിരീടം സ്വന്തമാക്കി. ഫെഡററിന്‍റെ കരിയറിലെ 19-ാം ഗ്രാൻസ്ലാം കിരീടമാണിത്. വിംബിൾഡൺ കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡും 35 കാരനായ ഫെഡറർ സ്വന്തം പേരിൽ കുറിച്ചു.

വിംബിൾഡണിലെ ഇതിഹാസ തുല്യമായ പ്രയാണം തുടന്ന് റോജർ ഫെഡറർ. പുരുഷ സിംഗിൾസ് ഫൈനലിൽ ക്രൊയേഷ്യൻ താരം മാരിൻ സിലിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയ ഫെഡറർ വിംബിൾഡണിലെ എട്ടാം കിരീടം സ്വന്തമാക്കി. സ്കോർ 6-3, 6-1, 6-4.

എതിരാളികൾക്ക് ഒരു സെറ്റുപോലും വിട്ടുകൊടുക്കാതെയാണ് ഇത്തവണ ഫെഡറർ കിരീടത്തിൽ മുത്തമിട്ടത്. ഇതോടെ ഓപ്പൺ, അമച്വർ കാലഘട്ടങ്ങളിൽ ഏറ്റവും കൂടുതൽ തവണ വിംബിൾഡൺ നേടുന്ന താരമെന്ന റെക്കോർഡും ഫെഡറർ പേരിൽ കുറിച്ചു. ഓപ്പൺ കാലത്തെ പീറ്റ് സാംപ്രാസിന്‍റെയും അമച്വർ കാലത്തെ വില്യം റെൻഷോയുടേയും ഏഴു കിരീട നേട്ടമാണ് ഫെഡറർ മറികടന്നത്.

വിംബിൾഡൺ നേടുന്ന ഏറ്റവും പ്രായമേറിയ താരമെന്ന റെക്കോർഡും ഫെഡറർ സ്വന്തം പേരിൽ കുറിച്ചു. 1975 ൽ 32-ാം വയസിൽ കിരീടം നേടിയ അർതർ ഷെയുടെ റെക്കോർഡാണ് സ്വിസ് താരം മറികടന്നത്. അഞ്ച് തവണ വീതം ഓസ്ട്രേലിയൻ ഓപ്പണും യു എസ് ഓപ്പണും ഒരു തവണ ഫ്രഞ്ച് ഓപ്പണും നേടിയ ഫെഡറർ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം കിരീട നേട്ടവുമായി ടെന്നീസിന്‍റെ നെറുകയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്.

Close