അകലട്ടെ അജ്ഞാനത്തിന്‍റെ ആരണ്യകം, തെളിയട്ടെ രാമായണം

രാമായണത്തിന്‍റെ പുണ്യം നിറച്ച് കർക്കിടകം വീണ്ടും. പാരായണത്തിനപ്പുറം മനസ്സിന്‍റെ പരിവർത്തനം ലക്ഷ്യമാക്കുന്നു രാമായണ മാസാചരണം. ആത്മീയമായ ആനന്ദത്തിന്‍റെ ആ നാളുകളിലേക്ക് ഉണരുകയാണ് മനസ്സും ശരീരവും ഒരിക്കൽ കൂടി.

ജീവിതം തീർക്കുന്ന സുഖദു;ഖങ്ങളുടെ കാലവർഷത്തിൽ ഇളവെയിലായി തെളിയുന്നു വീണ്ടും രാമായണം.

ലോകത്തിന്‍റെ മുഴുവൻ ക്ഷേമത്തിനായും ഉണർന്നിരുന്ന ഒരു രാഷ്ട്രത്തിന്‍റെയും സംസ്ക്കാരത്തിന്‍റേയും മഹത്തായ പാരിതോഷികം. എന്താണ് ജീവിതം എന്നല്ല, എന്തല്ല ജീവിതം എന്നാണ് രാമായണം ചൂണ്ടിക്കാണിച്ചത്.

ഇക്കാണുന്നതൊന്നും സത്യമല്ലെന്നും അനശ്വരമല്ലെന്നും കൊത്തി വെച്ചു ഓരോ ശ്ലോകവും. രാവിന്‍റെ ഇരുളും രാജകൊട്ടാരവും എല്ലാം അകന്നു മാറേണ്ടവ. വൈകാതെ വരുന്ന പുലരിയുടെ വെളിച്ചം അ‍ജ്ഞാനത്തിന്‍റെ കൂരിരുൾ നീക്കും.

അതിന് രാമായണം ദീപവും മാർഗ്ഗവും ആകണം. കൊളുത്തി വെച്ച നിലവിളക്ക് മനസ്സിന്‍റെ വരാന്തയിലും പ്രഭ ചൊരിയണം. കെടാതെ കാക്കണം ആചാരത്തിന്‍റെ പാവനത്വം.

രാമാ, വെറുതെ വായിച്ചു പോകാനുള്ളതല്ല നിന്‍റെ യാത്രകൾ. അളക്കാനാകില്ല, കൊട്ടാരവും കിരീടവും വേണ്ടെന്നുവെച്ച് ആരണ്യകം പൂണ്ട ത്യാഗമഹിമ.

ഇതാ എന്‍റെ ഉള്ളിലുണ്ട് അവർ എന്ന് നെഞ്ച് തുറന്നു കാണിച്ച നിരുപാധിക സ്നേഹത്തിന്‍റെ വായുപുത്രവേഗം. നന്മതിന്മകൾ തമ്മിലുള്ള ഏറ്റുമുട്ടലിന്‍റെ രണഭൂമിയായി യുദ്ധകാണ്ഢം. ഒടുവിൽ നന്മയുടെ പട്ടാഭിഷേകം.

രാമായണം വായിച്ചു തീരുമ്പോൾ കത്തി ചാമ്പലാകേണ്ടത് ലങ്കയല്ല, മനസ്സിലെ രാഗ വിദ്വേഷങ്ങളാകണം. തുളസിയിലയിൽ വീണ മഞ്ഞുതുള്ളി പോലെ പരിശുദ്ധമാകണം അന്തരംഗം. അപ്പോൾ മാത്രമെ, നുകരാനാകൂ. സാരാനുഭൂതിക്ക് സാമ്യമില്ലാത്ത രാമകഥാമൃതത്തിന്‍റെ പൂർണ്ണാനന്ദം.

ഇനിയുള്ള നാളുകൾ അതിനുള്ളതാകട്ടെ, ആത്മീയതയുടെ അതിരില്ലാത്ത ആനന്ദം ഇച്ഛകൾ വെടിഞ്ഞ് ജീവിതത്തെ ധന്യമാക്കട്ടെ.

Shares 663
Close