ഇരുപത്തിനാല് കുടുംബങ്ങൾക്ക് ദൈവങ്ങളായി വനജയും സുന്ദരനും

തൃശൂർ : ഭൂമിയില്ലാത്ത ഇരുപത്തിനാല് പേർക്ക് ഭൂമി വിതരണം ചെയ്ത് സേവനത്തിന്റെ പുതിയ പാത തുറന്ന് സേവാഭാരതി. തൃശ്ശൂർ ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സുന്ദരനും വനജ ആണ്ടവനുമാണ് സേവാഭാരതിയിലൂടെ ഇരുപത്തിനാല് കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിനായി ഭൂമി ദാനം ചെയ്തത്. സുരേഷ് ഗോപി എം.പി ഭൂസമർപ്പണം നിർവഹിച്ചു.

തലചായ്ക്കാൻ ഇടമില്ലാത്തവർക്ക് ഒരു തുണ്ട് ഭൂമിയെന്ന സേവാഭാരതിയുടെ ആഹ്വാനം ഉൾക്കൊള്ളുകയായിരുന്നു ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സുന്ദരനും വനജ ആണ്ടവനും. രണ്ടുപേരും ഇരുപത്തിനാല് പേർക്ക് ഭൂമി നൽകാനായാണ് ആകെയുള്ള സമ്പാദ്യത്തിൽ നിന്ന് ഒരു ഭാഗം നീക്കിവെച്ചത്. മൂന്ന് സെന്റ് വീതം സ്ഥലമാണ് വീട് നിർമ്മിക്കാൻ ഇവർ സേവാഭാരതി മുഖേന നൽകിയത്.

ഇരുന്നൂറോളം അപേക്ഷയിൽ നിന്നാണ് അർഹരായ ഇരുപത്തിനാല് പേരെ സേവാഭാരതി തിരഞ്ഞെടുത്തത്. ചടങ്ങിൽ സ്ഥലം നൽകിയ സുന്ദരനെയും വനജയെയും സുരേഷ് ഗോപി എം.പി ആദരിക്കുകയും ചെയ്തു. സേവാഭാരതി സംഘടനാ സെക്രട്ടറി യു.എൻ.ഹരിദാസ്, ആർ.എസ്.എസ്. തൃശൂർ വിഭാഗ് സംഘചാലക് കെ.എസ്.പത്മനാഭൻ തുടങ്ങിയവർ പങ്കെടുത്തു.

Close