ഭാരതത്തെ സ്വപ്നം കാണാൻ പഠിപ്പിച്ച മിസൈൽമാൻ

അതിരുകളില്ലാത്ത ആകാശ നീലിമയിൽ സ്വപ്നം വിരിയിച്ച അമരക്കാരനെയാണ് കലാമിന്‍റെ വേർപാടോടെ ഭാരതത്തിന് നഷ്ടമായത്. ശാസ്ത്രരംഗത്ത് രാജ്യം കൈവരിച്ച പ്രമുഖ നേട്ടങ്ങളിലെല്ലാം കലാമിന്‍റെ കൈയ്യൊപ്പ് വ്യക്തമാണ്.

അഗ്നി, പൃഥ്വി തുടങ്ങിയ മിസൈലുകളുടെ മുഖ്യശിൽപി, ഡിആർഡിഒ ഡയറക്ടർ, ഇന്റഗ്രേറ്റഡ് മിസൈൽ ഡെവലപ്മെന്റ് പ്രൊജക്ട് തലവൻ, പ്രധാനമന്ത്രിയുടെ ശാസ്ത്രകാര്യ ഉപദേഷ്ടാവ്, പൊഖ്റാൻ അണുസ്ഫോടനത്തിന്‍റെ മുഖ്യസൂത്രധാരന്‍ , ഇങ്ങനെ കലാമെന്ന കർമ്മയോഗിക്ക് ജീവനും ജീവതവും ശാസ്‍ത്രലോകമായിരുന്നു.

1960കളിലാണ് കലാം ISROയുടെ ഭാഗമാകുന്നത്. ഇന്ത്യന്‍ സയന്‍സിലെ ‘മഹാത്മാഗാന്ധി’യെന്ന് കലാം വിശേഷിപ്പിക്കാറുള്ള വിക്രം സാരാഭായി തന്നെയാണ് തിരുവനന്തപുരത്തുള്ള തുമ്പയിൽ ഒരു വിക്ഷേപണ കേന്ദ്രം തുടങ്ങാന്‍ കലാമിനെ ഏൽപ്പിച്ചത്. ഇവിടെ വച്ചാണ് ഇന്ത്യയിലെ ആദ്യ റോക്കറ്റായ നൈക്-അപാഷെയ്ക്ക് തുടക്കംകുറിച്ചതും 1963 ൽ വിജയകരമായി വിക്ഷേപിച്ചതും. 1980ൽ രോഹിണി എന്ന കൃത്രിമോപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചതോടെ കലാമെന്ന ശാസ്ത്രപ്രതിഭ വിശ്വപ്രശസ്തനായി.

റോക്കറ്റിൽ നിന്നും മിസൈലുകളിലേക്കുള്ള ചുവടുമാറ്റവും ഈ കാലഘട്ടത്തിലായിരുന്നു. പൃഥ്വി, അഗ്നി, നാഗ്, ത്രിശ്ശൂൽ, ആകാശ് എന്നീ മിസൈലുകൾ തന്‍റെ അഞ്ചു മക്കളെന്നായിരുന്നു എപിജെയുടെ ഭാഷ്യം. കലാമിന്‍റെ ചിരകാല അഭിലാഷമായ രാ​ജ്യ​ത്തെ ​ആ​ദ്യ​ത്തെ​ ​സ്പെ​യ്സ് ​ഷ​ട്ടിൽ​ ​ഗുരദക്ഷിണയായി അദ്ദേഹത്തിന് സ​മ്മാ​നി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു വിഎ​സ്എ​സ് സി​യിലെ ശാസ്‍ത്രജ്ഞർ.

അപ്രതീക്ഷിതമായി മരണം കവർന്നെടുത്ത എപിജെയുടെ ഹൃദയം ഈ നിമിഷവും ആഗ്രഹിക്കുന്നതും ഇത്തരം ഗുരുദക്ഷിണകൾ മാത്രമായിരിക്കും. ശാസ്‍ത്രലോകത്ത് കലാമെന്നത് ഒരിക്കലും നിലയ്ക്കാത്ത സ്പന്ദനം മാത്രം.

Close