റായ്പൂര്‍: ഛത്തീസ്ഗഢിലെ നാരായണ്‍പൂര്‍ ജില്ലയില്‍ സുരക്ഷാസേന നടത്തിയ തിരച്ചിലില്‍ മൂന്ന് ഇടതു ഭീകരരെ പിടികൂടി. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐ.ടി.ബി.പി), ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ് (ഡി.ആര്.ജി), സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ( എസ്.ടി.എഫ്) എന്നിവ സംയുക്തമായി നടത്തിയ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലാണ് ഭീകരര്‍ പിടിയിലായത്.
കഴിഞ്ഞമാസം സോന്‍പൂരില്‍ യാത്രാബസിന് തീവച്ച സംഭവത്തില്‍ പങ്കുള്ളതായി സംശയിക്കുന്ന സോനു നേതം, ശങ്കര്‍ ഹേംല എന്നിവരാണ് പിടിയിലായത്.
ശനിയാഴ്ച സര്ഗിപാലില് നടത്തിയ തിരച്ചിലിലാണ് രണ്ട് ഇടത് ഭീകരര്‍ പൊലീസ് പിടിയിലായത്. ഇതേ തുടര്‍ന്നാണ് തിരച്ചില്‍ ഊര്‍ജിതമാക്കിയതെന്ന് പൊലീസ് സൂപ്രണ്ട് സന്തോഷ് സിംഗ് പറഞ്ഞു.
ദേവ്ഗാവോമില് നിന്നാണ് ഭീകര ബന്ധമുണ്ടെന്ന് സംശയിക്കുന്ന സുരേഷ് മര്‍ക്കം പിടിയിലായത്. പൊലീസിനുനേരെയുള്ള ആക്രമണങ്ങളടക്കം നിരവധി കേസുകളില്‍ പ്രതിയാണിയാള്‍.