ശുദ്ധ സംഗീതത്തിന്‍റെ ചക്രവർത്തി

ശുദ്ധ സംഗീതത്തിന്‍റെ ചക്രവർത്തി വി ദക്ഷിണാമൂർത്തി നമ്മെ പിരിഞ്ഞിട്ട് നാല് വർഷം. മറക്കാനാവാത്ത മധുരഗാനങ്ങൾക്ക് പക്ഷെ, മരണമില്ല. അവയിന്നുമുണ്ട് നമുക്കൊപ്പം.

ശരീരം നിറയെ ഭസ്മക്കുറി, കഴുത്തിൽ രുദ്രാക്ഷ മാലകൾ, പാതിയടഞ്ഞ കണ്ണുകൾ, സംഗീതത്തിൽ അലിഞ്ഞ ശരീരം. നാദബ്രഹ്മത്തിന്‍റെ മഹാസാഗരങ്ങളെ ആവാഹിച്ചൊതുക്കിയ സംഗീതജ്ഞനായിരുന്നു ദക്ഷിണാമൂർത്തി സ്വാമി.

സംഗീതത്തിലൂടെ സ്വപ്നം കാണുവാനും, പ്രണയിക്കുവാനും, വിരഹതയിൽ ഉരുകാനുമെല്ലാം സ്വാമി മലയാളികളെ പഠിപ്പിച്ചു.

നല്ല തങ്ക എന്ന സിനിമയിലൂടെ സംഗീത സംവിധായകനായി അരങ്ങേറ്റം. പിന്നീട് മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി 125 ലധികം സിനിമകളിൽ 850ഓളം ഗാനങ്ങളാണ് സ്വാമിയുടെ സംഗീതസംവിധാനത്തിൽ പിറന്നത്.

സംഗീതയാത്രയിൽ കൂടുതലും സ്വാമി കൂട്ടുപിടിച്ചത് ശ്രീകുമാരൻ തമ്പിയെയായിരുന്നു. ആ കൂട്ടുകെട്ട് ഒരുപാട് അത്ഭുതങ്ങൾ സൃഷ്ടിച്ചു.

ഓരോ ഗായകർക്കും അവരുടെ ജീവിതത്തിൽ ഓർത്തുവയ്‍ക്കാനുള്ള ഗാനങ്ങൾ സ്വാമി നൽകി.

ഗാനഗന്ധർവന്‍ യേശുദാസിന് സ്വാമി നൽകിയ ഗാനശില്പങ്ങൾ ഏറെയാണ്. എന്നാൽ നൃത്തശാലയിലെ മനോഹരഗാനം മതി ദാസേട്ടനെ അനശ്വരനാക്കുവാന്‍.

പി. ജയചന്ദ്രൻ എന്ന ഭാവഗായകന്‍റെ ജീവിതത്തിൽ ഒറ്റ പാട്ടുകൊണ്ട് സ്വാമി സുവർണ്ണകാലം സൃഷ്ടിച്ചു.

പി.ലീല, പി.സുശീല, ജാനകി എന്നീ ഗായകരും സ്വാമിയുടെ പാട്ടുകൾ അനശ്വരമാക്കി.

അങ്ങനെ സ്വാമിയുടെ നിരവധി മധുരഗാനങ്ങൾ മരണമില്ലാതെ ഇന്നും നമുക്കൊപ്പമുണ്ട്.

Close