ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി നൂറോളം പാലങ്ങള്‍ എപ്പോള്‍ വേണമെങ്കിലും തകരാന്‍ സാധ്യതയുള്ളതാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ലോകസഭയില്‍ പറഞ്ഞു. ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ ഒന്നര ലക്ഷത്തോളം പാലങ്ങള്‍ പരിശോധിതിച്ചതില് നിന്നാണ് നൂറോളം പാലങ്ങള്‍ക്ക് അടിയന്തര ജാഗ്രത ആവശ്യമുള്ളതാണെന്ന് കണ്ടെത്തിയത്.
രാജ്യത്തെ എല്ലാ സ്ഥലങ്ങളിലേയും പാലങ്ങളുടെ വിവരശേഖരണത്തിനായുള്ള പദ്ധതി കഴിഞ്ഞ വര്‍ഷം മുതല്‍ നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി ലോകസഭയില്‍ അറിയിച്ചു. റോഡ് വികസനത്തിന് അനുവദിച്ച മൂന്നേ മുക്കാല്‍ ലക്ഷം കോടി വിവിധ കാരണങ്ങളാല്‍ വൈകുന്നതിനാലാണ് ജോലികള്‍ ആരംഭിക്കാന്‍ സാധിക്കാത്തത്. ഒപ്പം ഭൂമി ഏറ്റെടുക്കലും പാരിസ്ഥിതിക അനുമതിയും അടക്കമുള്ള കാരണങ്ങളും പദ്ധതികള്‍ വൈകാന്‍ കാരണമാകുന്നുണ്ട്. ഈ പ്രശ്നം പരിഹരിച്ചു വരുന്നതായും മന്ത്രി പറഞ്ഞു.