ലോകം ചുറ്റാനൊരുങ്ങി ഇന്ത്യൻ നേവിയുടെ പെൺപട

ഗോവ : ചരിത്രം തിരുത്തിക്കുറിക്കാൻ ഇന്ത്യൻ നേവിയുടെ വനിത സംഘം . വനിതകൾ മാത്രമായി ആദ്യമായി സമുദ്രമാർഗ്ഗം ലോകത്തെ ചുറ്റി സഞ്ചരിക്കാൻ ആറു പേരടങ്ങുന്ന ടീമാണ് തയ്യാറായിരിക്കുന്നത് . ആഗസ്ത് 15 നും 30 നുമിടയിൽ ടീം യാത്ര ആരംഭിക്കും .

21,600 നോട്ടിക്കൽ മൈൽ സഞ്ചരിക്കുന്ന ടീമിന്റെ ക്യാപ്റ്റൻ ലെഫ്റ്റനന്റ് വർത്തിക ജോഷിയാണ് ഐഎൻഎസ്‌വി താരിണിയിലാണ് യാത്ര . ഐഎൻഎസ് മാണ്ഡവിയിൽ നടന്ന കഠിന പരിശീലനത്തിന് ശേഷമാണ് ടീം യാത്രയ്ക്ക് തയ്യാറെടുക്കുന്നത്

അറബിക്കടൽ , ഇന്ത്യൻ മഹാസമുദ്രം , പസഫിക് , അറ്റ്ലാന്റിക് സമുദ്രങ്ങൾ യാത്രയ്ക്കിടെ ഇവർ തരണം ചെയ്യും. ഏഴുമാസം നീണ്ടു നിൽക്കും യാത്ര പൂർത്തിയാക്കാനെന്നാണ് കരുതപ്പെടുന്നത്.ലഫ്റ്റനന്റ് കമാന്‍ഡര്‍ പ്രതിഭ ജംവാള്‍, ലഫ്റ്റനന്റ് പി സ്വാതി, വിജയാ ദേവി, പയാല്‍ ഗുപ്ത, ബി.ഐശ്വര്യ എന്നിവരാണ് മറ്റ് വനിത അംഗങ്ങള്‍.

മുൻപ് 10,000 നോട്ടിക്കൽ മൈൽ സഞ്ചരിച്ച പരിചയവും ഇവർക്കുണ്ട് . 2016 ൽ തരിണിക്ക് മുൻപുള്ള യാത്രാ ബോട്ടിലായിരുന്നു അത് . അന്ന് ഗോവയിൽ നിന്ന് മൗറീഷ്യസ് കേപ്ടൗൺ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് ടീം തിരിച്ചെത്തുകയായിരുന്നു. അന്നത്തെ അനുഭവങ്ങൾ കൂടി കണക്കിലെടുത്താണ് യാത്രാ ബോട്ടായ താരിണി നിർമ്മിച്ചിരിക്കുന്നത്.

നെതർലൻഡിൽ രൂപകൽപ്പന ചെയ്ത താരിണി ഗോവയിലെ അക്വാറിയസ് ഷിപ്പ്‌യാർഡാണ് നിർമ്മിച്ചത് . അത്യാധുനിക സാറ്റലൈറ്റ് കമ്യൂണിക്കേഷൻ സിസ്റ്റമാണ് ആറുപേർക്ക് സഞ്ചരിക്കാവുന്ന ഈ ബോട്ടിലുള്ളത് . ഒഡിഷയിലെ താര- താരിണി ക്ഷേത്രത്തിന്റെ പേരിൽ നിന്നാണ് ബോട്ടിന് ഈ പേർ ലഭിച്ചത്.

 

Close