സെപ്റ്റംബർ 11 ആക്രമണം സൗദിയുമായി ബന്ധപ്പെടുത്താനാവില്ലെന്ന് അമേരിക്കയിലെ സൗദി അംബാസഡർ

റിയാദ് : സെപ്‍റ്റംബർ 11 ആക്രണം നടത്തിയ തീവ്രവാദികൾ പലതവണ തങ്ങളേയും ആക്രമിച്ചിരുന്നെന്ന് സൗദി അറേബ്യ. ബാഷർ അൽ അസ്സദ് അഞ്ച് ലക്ഷം പേരെ കൂട്ടക്കൊല നടത്തിയെന്നും, ഐ.എസ് ലോക സമാധാനത്തിന് ഭീഷണിയാണെന്നും അമേരിക്കയിലെ സൗദി അംബാസഡർ ഖാലിദ്  ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരൻ പറഞ്ഞു.

സെപ്‍റ്‍റംബർ 11 വേൾഡ് ട്രേഡ് സെന്‍റർ ആക്രമണം നടത്തിയ 19 ൽ 15 പേരും സൗദി പൗരൻമാരായിരുന്നുവെങ്കിലും സംഭവത്തെ സൗദിയുമായി ബന്ധപ്പെടുത്താനാവില്ലെന്ന് അമേരിക്കയിലെ സൗദി അംബാസഡർ ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരൻ പറഞ്ഞു.
അന്ന് അമേരിക്കയെ ആക്രമിച്ചവർ മുൻപ് പലതവണ സൗദിയെ ആക്രമിച്ചുവെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുമായുള്ള സൗദിയുടെ മികച്ച ബന്ധം തകർക്കാനായിരിക്കാം സൗദി പൗരൻമാരായ അംഗങ്ങളെ ആക്രമണത്തിന് അൽഖായിദ തെരഞ്ഞെടുത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഖത്തറിന്‍റെ തീവ്രവാദ അനുകൂല നിലപാട് സൗദിയുടെ സുരക്ഷയെ ബാധിച്ചു. അയൽ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ അവർ ഇടപെട്ടു. സർക്കാർ തന്നെ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്നതാണ് ഖത്തറിലെ ഏറ്റവും വലിയ പ്രശ്നം.

അവർ നിലപാട് മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിറിയയിൽ ബാഷർ അൽ അസ്സദ് ഭരണകൂടം അഞ്ച് ലക്ഷം ആളുകളെ കൂട്ടക്കുരുതി നടത്തിയെന്നും ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ ആരോപിച്ചു. ഐ.എസ് തീവ്രവാദികളെ ഉൻമൂലനം ചെയ്യേണ്ടത് ലോക സമാധാനത്തിന് ആവശ്യമാണെന്നും അംബാസഡർ പറഞ്ഞു. തീവ്രവാദികളെ സഹായിക്കുന്ന ഇറാന്‍റെ നടപടി അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Shares 103
Close