ഉത്തര കൊറിയയ്ക്ക് താക്കീതുമായി ട്രംപ്

വാഷിംഗ്ടൺ : ഉത്തരകൊറിയയ്ക്ക് താക്കീതുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഉത്തരകൊറിയ അമേരിക്കയെ നിരന്തരം പ്രകോപിപ്പിക്കുകയാണെന്നും, ഇത് ഇനിയും തുടർന്നാൽ യുദ്ധത്തിലേ കലാശിക്കുവെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ജൂലൈയിൽ 2 അന്താരാഷ്ട്ര ബാലിസ്റ്റിക് മിസൈലുകൾ ഉത്തരകൊറിയ പരീക്ഷിച്ചതോടെയാണ് അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള പ്രശ്നം വീണ്ടും തല പൊക്കുന്നത്.

കൂടാതെ പസഫിക്ക് സമുദ്രത്തിലെ യുഎസ് ദ്വീപായ ഗുവാമിനെ ആക്രമിക്കുമെന്നും ഉത്തരകൊറിയ ഭീഷണി മുഴക്കിയിരുന്നു. ഉത്തരകൊറിയൻ പ്രസി‍ഡന്‍റ് കിം ജോങ് ഉൻ അനുമതി നൽകിയാൽ ഏത് നിമിഷവും ആക്രമണമുണ്ടാകുമെന്നായിരുന്നു ഉത്തരകൊറിയയുടെ പട്ടാള വക്താവ് വ്യക്തമാക്കിയിരുന്നത്.

ഇതേ തുടർന്നാണ് ട്രംപ് ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. തുടർച്ചയായുള്ള പ്രകോപനങ്ങൾ ഉത്തരകൊറിയയ്ക്ക് നല്ലതല്ലെന്നും അത് യുദ്ധത്തിലേ കലാശിക്കുകയുള്ളുവെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയെ ആക്രമിക്കാനൊരുങ്ങുന്ന ഉത്തരകൊറിയ പേടിക്കണമെന്നും, അങ്ങനെയുണ്ടായാൽ ഉത്തരകൊറിയയ്ക്ക് ലോകത്ത് ഒരു രാജ്യത്തിനും സംഭവിച്ചിട്ടില്ലാത്ത ഗതി വരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. അമേരിക്കൻ സൈനിക കേന്ദ്രം കൂടിയായ ഗുവാം ഉത്തരകൊറിയയിൽ നിന്നും 3000 കിലോമീറ്റർ അകലെയാണ്.

Shares 352
Close