ഭീകരരെ നേരിടാൻ സൈന്യത്തിനൊപ്പം ഇനി റോബോട്ടുകളും

ന്യൂഡൽഹി : ഭീകരവാദികളെ നേരിടാൻ ഇന്ത്യൻ സൈന്യത്തിനൊപ്പം ഇനി റോബോട്ടുകളും. പ്രതികൂല സാഹചര്യങ്ങളിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും ലക്ഷ്യസ്ഥാനത്തെത്തിച്ച് ആക്രമണം നടത്താൻ തദ്ദേശീയമായി നിർമ്മിച്ച റോബോട്ടുകൾ ഉപയോഗിക്കാൻ സൈന്യത്തിന്‌ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി. ലക്ഷ്യം ജമ്മു കാശ്മീരിലെ ഭീകരവേട്ട വേഗത്തിലാക്കാൻ.

ഇന്ത്യൻ സേനയെ ആധുനികീകരിക്കുന്നതിന്റെ ഭാഗമായാണ് സൈനിക ഓപ്പറേഷനുകളിൽ റോബോട്ടുകളെ ഉപയോഗിക്കാൻ കേന്ദ്ര പ്രതിരോധമന്ത്രാലയം അനുമതി നല്കിയത്. ജമ്മു കശ്മീരിൽ ഭീകരവേട്ട നടത്തുന്ന രാഷ്ട്രീയ റൈഫിൾസാണ്‌ ഓപ്പറേഷനുകളിൽ ഇനി റോബോട്ടുകളെ കൂടി ഉപയോഗിക്കുക. തദ്ദേശീയമായി നിർമ്മിച്ച 544 റോബോട്ടുകൾ ഇനി രാഷ്ട്രീയ റൈഫിൾസ് സേനയുടെ ഭാഗമാകും.

ജമ്മു കാശ്മീരിൽ ഭീകരർ തമ്പടിച്ചിരിക്കുന്ന വനപ്രദേശങ്ങളിലും സൈനികർക്ക് നേരിട്ട് ഇടപെടാനാവാത്ത പ്രതികൂല സാഹചര്യങ്ങളിലും ഉൾഗ്രാമങ്ങളിലെ ഭീകര താവളങ്ങളിലും ആയുധങ്ങളും സ്ഫോടകവസ്തുകളുമായി കടന്നു ചെന്ന് ആക്രമണം നടത്താൻ പ്രാപ്തിയുള്ളതാണ്‌ ഈ റോബോട്ടുകൾ. നിരീക്ഷണ കാമറകളും 200 മീറ്റർ ചുറ്റളവിനുള്ളിലേക്ക് ആശയവിനിമയം നടത്താനുമുള്ള സാങ്കേതിക തികവും ഇത്തരം റോബോട്ടുകൾക്കുണ്ട്. ഒരു റോബോട്ടിനെ ഉപയോഗിച്ച് ദ്വിമുഖ ആക്രമണം നടത്താനും സാധിക്കും.

ശത്രുക്കളുടെ ആക്രമണം ഒരു പരിധി വരെ തടയാൻ കഴിയും വിധത്തിലാണ്‌ റോബോട്ടിന്റെ രൂപകല്പന. നിലവിൽ സൈന്യത്തിന്റെ പ്രതിരോധ ഗവേഷണ വിഭാഗമായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ് മെന്റ് ഓർഗനൈസേഷൻ നിർമിച്ച ചില റോബോട്ടുകൾ വിവിധ സൈനിക വിഭാഗങ്ങൾ ഉപയോഗിച്ചു വരുന്നുണ്ട്. റിമോട്ട് നിയന്ത്രിതമായ ചെറു വാഹനങ്ങളും കെട്ടിടങ്ങൾക്കു മുകളിലേക്ക് സ്ഫോടക വസ്തുക്കൾ എത്തിക്കുന്നതിനുള്ള ചെറു റോബോട്ടുകളുമാണ്‌ നിലവിൽ ഉപയോഗിക്കുന്നത്.

Close