ആധാറുമായി വിവാഹ ഉടമ്പടി ബന്ധിപ്പിക്കണം: മുസ്ലിം വനിതാ ലോ ബോര്‍ഡ്

ന്യൂഡൽഹി: വിവാഹ ഉടമ്പടി ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന് മുസ്ലിം വനിതാ ലോ ബോര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു . മുത്വലാഖുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഓള്‍ ഇന്ത്യ മുസ്ലിം വുമണ്‍ പേഴ്‌സണൽ ലോ ബോര്‍ഡ് അധ്യക്ഷ ഷൈസ്ത അംബര്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യം അറിയിച്ചത്.

ഇക്കാര്യത്തിൽ പ്രധാന‌മന്ത്രി താത്പര്യം പ്രകടിപ്പിച്ചതായും എത്രയും പെട്ടെന്ന് ഇത് യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബോര്‍ഡ് അധ്യക്ഷ പറഞ്ഞു. മുസ്ലിം വിവാഹ ഉടമ്പടിയുടെ മാതൃക പ്രധാനമന്ത്രിയ്ക്ക് കൈമാറിയതായും അവർ വ്യക്തമാക്കി.

കാലങ്ങളായി വിവാഹ ഉടമ്പടിയിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്ന് ഇന്ത്യയിലെ മുസ്ലിം സ്ത്രീകള്‍ ആവശ്യപ്പെടുന്നു. ഇതിനായി വിവാഹ ഉടമ്പടിയുടെ ഒരു മാതൃകയും തയ്യാറാക്കിയിരുന്നു. എന്നാല്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇത് നടപ്പില്‍ വരുത്തുന്നതില്‍ പരാജയപ്പെടുകയായിരുന്നു. . മുത്വലാഖുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ വിവാഹ ഉടമ്പടിയില്‍ മുത്വലാഖ് അനുവദിക്കാനാവില്ലെന്ന വ്യവസ്ഥ കൂടി ഉള്‍പ്പെടുത്താവുന്നതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

ആധാര്‍ കാര്‍ഡുമായി ഇതിനെ ബന്ധപ്പെടുത്തുന്നതിലൂടെ വരനും വധുവും ഔദ്യോഗികമായ വ്യവസ്ഥയുടെ ഭാഗമാകുമെന്നും ഇത് എത്രയും പെട്ടെന്ന് നടപ്പിലാകുമെന്നാണ് പ്രതീക്ഷയെന്നും ഷൈസ്ത അംബർ പറഞ്ഞു.

Close