വേഗരാജാവിന് ട്രാക്കിൽ നിന്ന് കണ്ണീരോടെ മടക്കം

വേഗരാജാവ് ഉസൈൻ ബോൾട്ടിന് കണ്ണീരോടെ ട്രാക്കിൽ നിന്ന് മടക്കം. 4 x 100 മീറ്റർ റിലേയിൽ ലാപ്പ് പൂർത്തിയാക്കാനാവാതെ പരുക്കേറ്റ് ബോൾട്ട് ട്രാക്കിൽ വീഴുകയായിരുന്നു. 50 മീറ്റർ ശേഷിക്കെയാണ് ബോൾട്ട് പരുക്കേറ്റ് വീണത്. അവസാനമത്സരം പൂ‍ർത്തിയാക്കാനാവാതെ സ്പ്രിന്‍റ് ഇതിഹാസം ട്രാക്ക് വിട്ടു. ഈ ഇനത്തിൽ ആതിഥേയരായ ബ്രിട്ടൺ സ്വർണ്ണം നേടി.

കായികപ്രേമികളെ എന്നും കോരിത്തരിപ്പിച്ച വേഗരാജാവിന്‍റെ അവസാനമത്സരവും അവിസ്മരണീയമാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ലോകമെമ്പാടുമുള്ള ആരാധകർ. അന്തിമപോരാട്ടത്തിൽ സ്വർണ്ണമോ അതോ വെള്ളിയോ എന്ന കണക്കുകൂട്ടലിൽ കായികലോകം മുന്നോട്ട് പോയപ്പോൾ കണ്ണീരണിഞ്ഞ നിമിഷങ്ങൾ നൽകിയാണ് ഇതിഹാസതാരം ട്രാക്ക് വിട്ടത്. ലോക അത് ലറ്റിക് മീറ്റിലെ 4 x 100 മീറ്റർ റിലേയിൽ പരുക്കേറ്റ് ട്രാക്കിൽ വീഴുകയായിരുന്നു ബോൾട്ട്.

അവസാന ലാപ്പിൽ ബോൾട്ടിന് ബാറ്റൺ ലഭിക്കുമ്പോൾ ജമൈക്കയുടെ സ്ഥാനം മൂന്നാമത്. ഇരുവശത്തും അമേരിക്കയും ബ്രിട്ടനും വെല്ലുവിളിയുമായി കുതിക്കുന്നു. ഇവരെ മറികടന്ന് സ്വർണ്ണത്തിലേക്ക് കുതിക്കുമെന്ന ആരാധക പ്രതീക്ഷയ്ക്ക് മേൽ കരിനിഴൽ വീഴ്ത്തി പരുക്കെത്തി. എതിരാളികൾ കുതിച്ച് കയറുന്നത് സങ്കടത്തോടെ നോക്കി വേഗരാജാവ് ട്രാക്കിൽ കിടന്ന കാഴ്ച ബോൾട്ട് ആരാധകരുടെ ഉളള് പൊള്ളിച്ചു.

അമേരിക്കയെ അട്ടിമറിച്ച് ആതിഥേയരായ ബ്രിട്ടൺ സ്വർണ്ണം നേടി. ജപ്പാനാണ് വെങ്കലം. അവസാനമത്സരം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലും തലയെടുപ്പോടെതന്നെയാണ് ബോൾട്ട് കളംവിടുന്നത്. ബോൾട്ടില്ലാത്ത ട്രാക്കുകളിൽ ഇനി ആവേശം തീർക്കാൻ ആരെത്തുമെന്ന ആകാംഷയിലാണ് കായിക പ്രേമികൾ.

Close