ഖത്തറിൽ നിന്ന് കേരളത്തിലേക്ക് കോടികൾ; തീവ്രവാദ സംഘടനകൾ നിരീക്ഷണത്തിൽ

കൊച്ചി: ചാരിറ്റിയുടെ മറവിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഖത്തറിൽ നിന്ന് കേരളത്തിലേക്ക് എത്തിയ 150 കോടിയിലധികം രൂപ തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചതായി എൻഐഎയ്ക്ക് സൂചന ലഭിച്ചു.

2011 മുതൽ 2016 വരെയുളള കാലഘട്ടത്തിൽ കാസർകോട് മുതൽ മലപ്പുറം വരെയുള്ള മലബാർ ജില്ലകളിലെ എൻജിഒ സംഘടനകൾക്ക് ലഭിച്ച സാമ്പത്തിക സഹായങ്ങളുടെ വിശദമായ കണക്കുകൾ ഇന്റലിജൻസ് ബ്യൂറോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി.

കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പണമെത്തിയത്. 44 കോടി രൂപയാണ് കോഴിക്കോട് ജില്ലയിലേക്ക് എത്തിയത്. മലപ്പുറത്ത് 42 കോടിയും ലഭിച്ചു.

നിയമപരമായാണ് പണം ലഭിച്ചതെങ്കിലും ഖത്തറിന്റെ ഭീകരവാദ ബന്ധവും കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റിലെ വളര്‍ച്ചയും പരിഗണിച്ചാണ് വിശദമായ അന്വേഷണത്തിന് ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്.

വിവിധ ഭീകര സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. അത് കൂടാതെ കേരളത്തില്‍ നിന്നാണ് ഏറ്റവുമധികം ആളുകള്‍ ഐഎസ്സില്‍ ചേരുന്നത് എന്ന റിപ്പോർട്ടുമുണ്ട്. ആ സാഹചര്യത്തിലാണ് അന്വേഷണം ശക്തമാക്കാൻ എൻഐഎ തീരുമാനിച്ചത്.

നേരത്തെ ബംഗളൂരു, ഹൈദരാബാദ് അടക്കമുളള സ്ഥലങ്ങളിൽ നടന്ന തീവ്രവാദി ആക്രമണങ്ങൾക്ക് ആവശ്യമായ പണം ലഭിച്ചത് കേരളത്തിൽ നിന്നാണെന്ന് വ്യക്തമായിരുന്നു. അന്ന് പണം നൽകിയതിൽ പലതും കടലാസ് സംഘടനകൾ മാത്രമാണെന്ന് എൻഐഎയ്ക്ക് വിവരം ലഭിച്ചു.

തൊടുപുഴയിൽ അദ്ധ്യാപകന്റെ കൈവെട്ടിയ തീവ്രവാദ സ്വഭാവമുളള സംഘടനയും വിദേശ ഫണ്ട് സ്വീകരിച്ചിട്ടുണ്ടെന്നാണ് സൂചന

ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ അടക്കമുളളവരുടെ സഹായം ലഭിക്കുന്നുണ്ടെന്നും എൻഐഎയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

നോട്ട് നിരോധനത്തിന് മുൻപ് മലബാർ മേഖലയിൽ നടന്ന പല റിയൽ എസ്റ്റേറ്റ് ഇടപാടുകളും ഇത്തരത്തിൽ സന്നദ്ധ സംഘടനകൾക്ക് ലഭിച്ച വിദേശ പണമുപയോഗിച്ചായിരുന്നവെന്നതിന് സൂചനകളും ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറേ നാളുകളായി കേരളത്തിൽ നിന്ന് ഐഎസിലേക്കും അൽഖ്വായിദയുടെ പോഷകസംഘടനകളിലേക്കും ആളുകളെ റിക്രൂട്ട് ചെയ്യുന്നത് വർദ്ധിച്ച് വരികയാണ്. ഈ സാഹചര്യത്തിൽ നിരവധിയാളുകളും സംഘടനകളും ദേശീയ അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലാണ്.

Close