ഹിമാചലിൽ മണ്ണിടിച്ചിലിനെ തുടർന്ന് വാഹനാപകടം: 50 പേർ മരിച്ചതായി സംശയം

ഷിംല: ഹിമാചൽ പ്രദേശിലെ മാൻഡി-പത്താൻകോട്ടിൽ മണ്ണിടിച്ചിലിനെ തുടർന്ന് വാഹനാപകടം. ബസുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ഹിമാചൽ പ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ രണ്ട് ബസുകളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ അൻപതോളം യാത്രക്കാർ മരിച്ചതായി സംശയിക്കുന്നതായി ഹിമാചൽ പ്രദേശ് ഗതാഗത മന്ത്രി ജി.എസ്. ബാലി പറഞ്ഞു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം..

ചാംബയിൽനിന്ന് മണാലിയിലേക്ക് പോവുകയായിരുന്ന ബസും ജമ്മുവിലെ കാത്രയിൽനിന്ന് മണാലിക്കു വരികയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഒട്ടേറെ വാഹനങ്ങൾ മണ്ണിടിച്ചിലിൽ പെട്ടതായി സൂചനയുണ്ട്. കനത്ത മഴയെ തുടർന്നാണ് രാത്രിയിൽ മണ്ണിടിച്ചിലുണ്ടായത്.

വിവരമറിഞ്ഞ് ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. അപകടം നടന്ന സ്ഥലത്ത് മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. അപകടത്തിൽൽപ്പെട്ട ഏഴോളം പേരെ രക്ഷപെടുത്തി.അപകടത്തിന്റെ പശ്ചാത്തലത്തിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള മാന്‍ഡി–അവൂട്ട് ദേശീയപാത 21 താൽക്കാലികമായി അടച്ചിട്ടു.

Shares 145
Close