പതിനഞ്ച് പേരുടെ ജീവനെടുത്ത കൊല കൊമ്പനെ വെടി വെച്ച് കൊന്നു

റാഞ്ചി: പതിനഞ്ച് പേരുടെ ജീവനെടുത്ത കൊല കൊമ്പനെ വെടി വെച്ച് കൊന്നു. ജാര്‍ഖണ്ഡിലെ സാഹോബ്ഗഞ്ച് മേഖലയിലാണ് സംഭവം. മാര്‍ച്ച് മാസത്തില്‍ ബിഹാറിലെ 4 പേരെ ചവിട്ടിക്കൊന്ന ആന അതിര്‍ത്തി കടന്ന് ജാര്‍ഖണ്ഡിലേക്ക് പ്രവേശിക്കുകയായിരുന്നു.

ജാര്‍ഖണ്ഡിലെത്തിയ ആനയുടെ ആക്രമണത്തില്‍ 11പേരാണ് കൊല്ലപ്പെട്ടത്. പ്രശസ്ത ഷൂട്ടര്‍ നവാബ് ഷാഫത്ത് അലി ഖാനാണ് ആനയെ വെടിവച്ചു കൊന്നത്.

15 പേരുടെ ജീവനെടുത്ത ആനയെക്കൊല്ലാന്‍ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിയത്. ആനയെ മയക്ക് വെടി വെക്കാനുള്ള എല്ലാ ശ്രമങ്ങളും വിഫലമായതോടെയാണ് സർക്കാർ ആനയെക്കൊല്ലാനുള്ള തീരുമാനം എടുത്തത്.

കൂട്ടം തെറ്റിയ ആനയ്ക്ക് കാട്ടിലേക്ക് തിരികെ പോകാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് ഇറങ്ങുകയായിരുന്നു. ആനയെ കണ്ടെത്താനുള്ള ശ്രമത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും നൂറോളം നാട്ടുകാരും പങ്കെടുത്തു.

തൊട്ടടുത്തുനിന്നാണ് ആനയെ വെടിവച്ചതെന്നും രണ്ട് തവണ നിറയൊഴിച്ചതായും ഷാഫത്ത് അലി ഖാന്‍ പറഞ്ഞു. കാട്ടിനുള്ളില്‍നിന്ന് ആനയെ കണ്ടെത്തുക ബുദ്ധിമുട്ടുള്ള കാര്യമായിരുന്നും ആനയുടെ പ്രതികരണം തന്നെ അമ്പരപ്പിക്കുന്നതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശമനുസരിച്ച് 24 തവണ വന്യമൃഗങ്ങളെ ഷാഫത്ത് അലി ഖാൻ വെടിവച്ചു വീഴ്ത്തിയിട്ടുണ്ട്.

Shares 760
Close