മൂവാറ്റുപുഴ: ദൈവത്തിന്റെ സ്വന്തം നാടെന്ന കേരളത്തിന്റെ പദവി വീണ്ടെടുക്കാൻ അൽഫോൻസ് കണ്ണന്താനത്തിന് കഴിയുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് എറണാകുളം ജില്ലാ കമ്മിറ്റി മൂവാറ്റുപുഴയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടൂറിസം രംഗത്ത് ഏറെ സാധ്യതകളുള്ള കേരളത്തെ എന്നാൽ ടൂറിസ്റ്റുകൾ കയ്യൊഴിഞ്ഞിരിക്കുകയാണ്. മദ്യക്കച്ചവടത്തിൽ നിന്നും ലോട്ടറിക്കച്ചവടത്തിൽ നിന്നുമുള്ള വരുമാനമാണ് കേരളത്തെ ഇന്ന് നിലനിർത്തുന്നത്. മറ്റുവരുമാനമില്ലാതെ കേരളം നട്ടം തിരിയുകയാണ്.
142,000 കോടിയായി കേരളത്തിന്റെ പൊതുകടം ഉയർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ടൂറിസം മേഖലയിലുള്ള അനന്തസാധ്യത കേരളത്തിന് പ്രതീക്ഷ നൽകുന്നതാണ്. മാറ്റത്തിന്റെ ചാലക ശക്തിയായി മാറാൻ അൽഫോൻസ് കണ്ണന്താനത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.