കശ്മീർ പ്രശ്നം : വിദഗ്ദ്ധ സംഘത്തെ നിയോഗിക്കുമെന്ന് രാജ് നാഥ് സിംഗ്

ശ്രീനഗർ :കശ്മീർ അതിർത്തിയിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി വിദഗ്ദ്ധ സംഘത്തെ നിയോഗിക്കുമെന്ന് കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ്സിംഗ്.പാകിസ്ഥാൻ അടുത്തിടെ തുടർച്ചയായി അതിർത്തിയിൽ വെടിനിർത്തൽ ലംഘനം നടത്തുന്നതിനെക്കുറിച്ച് പരാമർശിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഈയടുത്ത് നാനൂറിലേറെ തവണ പാകിസ്ഥാൻ അതിർത്തിയിൽ വെടിനിർത്തൽ ലംഘനം നടത്തിയിട്ടുണ്ട്.ഇത്തരം പ്രകോപനപരമായ നീക്കങ്ങൾ അവസാനിപ്പിക്കാൻ പാകിസ്ഥാൻ തയ്യാറാവണം.പ്രധാനമന്ത്രി വികസന പദ്ധതിയുടെ ഭാഗമായി കാശ്മീരിന്റെ വികസനത്തിനായി പുതിയ പദ്ധതികൾ രൂപീകരിക്കും.

ഇതിനു മുന്നോടിയായാണ് വിദഗ്ദ്ധ സംഘത്തിന്റെ രൂപീകരണം.അതിർത്തിയിലെ തന്ത്രപ്രധാന മേഖലയിൽ ജീവിക്കുന്ന ജനങ്ങളുടെ ത്യാഗങ്ങളും,സേവനങ്ങളും ഇന്ത്യ എക്കാലവും ഓർമ്മിക്കും. അതിർത്തിയിലെ വെടിനിർത്തലിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കുള്ള സഹായധനം അഞ്ച് ലക്ഷമായി ഉയർത്തിയതായും അദ്ദേഹം പറഞ്ഞു.

കാശ്മീർ സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾക്ക് സഹായകമായി പ്രധാനമന്ത്രി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 1080 കോടി രൂപ അനുവദിച്ചിട്ടുണ്ട്.കാശ്മീരിന്റെ വികസന പ്രവർത്തനങ്ങൾ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകുന്നതിനു എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Shares 383
Close