രാഷ്ട്രീയ കേരളത്തിന്റെ കണ്ണുകൾ ഇനി വേങ്ങരയിലേക്ക്

മലപ്പുറം: വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ തീയതി കുറിച്ചതോടെ രാഷ്ട്രീയ കേരളത്തിന്റെ കണ്ണുകൾ ഇനി വേങ്ങരയിലേക്ക്. പ്രധാന മുന്നണി പാർട്ടികളെല്ലാം ഉടൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചേക്കും. സ്ഥാനാർത്ഥി നിർണയത്തിലെ ആശയക്കുഴപ്പങ്ങൾ എൽഡിഎഫ്- യു ഡി എഫ് മുന്നണികളെ ആശയക്കുഴപ്പത്തിലാക്കുന്നു. എൻഡിഎ സ്ഥാനാർത്ഥിയെ ഇരുപതിനകം പ്രഖ്യാപിക്കും.

വേങ്ങര എം എൽ എ ആയിരുന്ന പികെ കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ നിന്നും എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് വേങ്ങരയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഈ മാസം 22നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ നിയമസഭാഉപതിരഞ്ഞെടുപ്പാണിത്.

അതു കൊണ്ടു തന്നെ സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ കൂടിയാകും ഉപതിരഞ്ഞെടുപ്പ്. അതിനാൽ എൽഡിഎഫ് മണ്ഡലത്തിൽ ശക്തമായ പ്രചാരണം നടത്തും. എന്നാൽ പല തവണ ചർച്ചകൾ നടത്തിയിട്ടും പൊതുസമ്മതനായ സ്ഥാനാർത്ഥിയെ കണ്ടെത്താൻ എൽഡിഎഫിനായിട്ടില്ല.

യുഡിഎഫിന്റെ സ്ഥിതിയും മറിച്ചല്ല. ലീഗിന് സ്വാധീനമുള്ള മണ്ഡലം കൂടിയാണ് ഇത്. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി കെഎൻഎ ഖാദർ എന്നിവരെക്കൂടാതെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വേങ്ങരയിലെ പ്രാദേശിക നേതാവുമായ പികെഅസ്ലുവിന്റെ പേരും പരിഗണനയിലുണ്ട്. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിന്റെ പേരും ലിസ്റ്റിലുണ്ട്. എന്നാൽ രൂക്ഷമായ വിഭാഗീയതയാണ് ലീഗിന് വിനയാകുന്നത്.

എൻ ഡി എ സ്ഥാനാർത്ഥിയെ ഈ മാസം ഇരുപതിനുള്ളിൽ പ്രഖ്യാപിക്കും. കേന്ദ്ര ഭരണ നേട്ടങ്ങൾ ഉയർത്തിയാകും എൻഡിഎ പ്രചാരണം.

വേങ്ങര നിയമസഭാ മണ്ഡലം നിലവിൽ വന്ന ശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിലും മുസ്ലീം ലീഗിലെ പികെ കുഞ്ഞാലിക്കുട്ടിയാണ് വിജയിച്ചത്. എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ രണ്ടു മണ്ഡലങ്ങളിൽ എൽഡിഎഫ് അട്ടിമറി വിജയം നേടിയത് ലീഗിനെ ആശങ്കപ്പെടുത്തുന്നു.

അടുത്ത മാസം 11നാണ് വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പ്.  15 ന് വോട്ടെണ്ണും.

Shares 463
Close