ഇസ്ലാമിക് സ്റ്റേറ്റില്‍ ചേർന്ന ഒരു മലയാളി കൂടി കൊല്ലപ്പെട്ടു

കണ്ണൂർ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേർന്ന ഒരാൾ കൂടി കൊല്ലപ്പെട്ടു. കണ്ണൂർ കൂടാളി സ്വദേശി ഷജിൽ കൊല്ലപ്പെട്ടതായാണ് പൊലീസിന് അനൗദ്യോഗികമായി വിവരം ലഭിച്ചത്.

ഭർത്താവ് കൊല്ലപ്പെട്ടതായി ഇയാളുടെ ഭാര്യ നാട്ടിലേക്കയച്ച വോയ്സ് മെസേജിലൂടെയാണ് ഷജിൽ കൊല്ലപ്പെട്ടതായുള്ള വിവരങ്ങൾ ലഭിച്ചത്. സിറിയയിൽ വെച്ച് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നാണ് ദേശീയ ഏജൻസികൾ വഴി വിവരം ലഭിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗവും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. നേരത്തെ തന്നെ ചില തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടായിരുന്ന ഷജിലിനെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഐഎസിലേയ്ക്ക് റിക്രൂട്ട് ചെയ്യപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചത്.

ആറു മാസം മുന്‍പ് കണ്ണൂരില്‍നിന്ന് ഐഎസിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടന്നതായാണ് പോലീസ് സ്ഥിരീകരിക്കുന്നത്. ഭാര്യയും ഇയാളോടൊപ്പം പോയിരുന്നു. നേരത്തെ ദില്ലി വിമാനത്താവളത്തിൽ പിടിയിലായ ഷാജഹാൻ വെളുവകണ്ടിയുടെ കൂടെയാണ് ഇവർ ഐഎസിലെത്തിപ്പെട്ടത് എന്നാണ് വിവരം.

Close